കൊറോണ വൈറസ് ഭീതിയില്‍ ജോലി പോലും ഒഴിവാക്കിക്കൊണ്ട് ആളുകള്‍ വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന അവസ്ഥയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ച് പുറത്തുപോകും. അല്ലാത്ത സമയം മുഴുവനായും വീട്ടില്‍ത്തന്നെ കഴിയുകയാണ് മിക്കവാറും പേരും. പ്രത്യേകിച്ച് നഗരങ്ങളിലാണ് ഈ കാഴ്ച കാണാനാകുന്നത്.

ഇത്തരത്തില്‍ അടച്ചിട്ട ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒത്തൊരുമിച്ച് പാട്ടുപാടുന്നൊരു ദൃശ്യമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ് എല്ലാവരും ഒത്തൊരുമിച്ച് ‘ഹം ഹോങ്കേ കാമ്യാബ്…’ എന്ന ഗാനം ആലപിക്കുന്നത്. കെട്ടിടത്തിന് താഴെ നിന്നുകൊണ്ട് മൈക്കില്‍ രണ്ട് സ്ത്രീകള്‍ ഉറക്കെ പാടുന്നു. ബാല്‍ക്കണിയില്‍ വന്നുനിന്ന് അതിനൊപ്പം പാടുകയാണ് ഫ്‌ളാറ്റിലെ താമസക്കാര്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ നിന്ന് സമാനമായൊരു വീഡിയോ പുറത്തുവന്നിരുന്നു. കൊവിഡ് 19ന്റെ ആക്രമണത്തില്‍ ചൈന കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ടത് ഇറ്റലിയായിരുന്നു. ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയാണ് ഇറ്റലിയിലെ മിക്കയിടങ്ങളിലുമുള്ളത്. ദിവസങ്ങളോളം ഫ്‌ളാറ്റുകളില്‍ അടച്ചിട്ട നിലയില്‍ തുടരുന്നവര്‍ ഒരു ദിവസം ബാല്‍ക്കണികളില്‍ ഒത്തുകൂടി പരമ്പരാഗത ഗാനം ആലപിക്കുന്നതായിരുന്നു ഈ വീഡിയോ.

രോഗഭീതിയില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് തോന്നിയതുകൊണ്ട് അത് അനുകരിക്കുകയായിരുന്നു തങ്ങളുമെന്ന് ഗുഡ്ഗാവിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പാട്ട് പാടിയവര്‍ പറയുന്നു