പുതുവര്‍ഷദിനത്തില്‍ ഇന്ത്യയില്‍ പിറന്നത് 67,385 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ലോകത്തിലാകെ പിറന്ന കുഞ്ഞുങ്ങളില്‍ 17 ശതമാനവും ഇന്ത്യയിലാണ്. യൂണിസെഫ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ആകെ 392,078 കുഞ്ഞുങ്ങളാണ് ഈ ദിനത്തില്‍ ലോകത്തിലാകെ പിറന്നത്. ഇന്ത്യയും മറ്റ് ഏഴ് രാജ്യങ്ങളിലുമായി പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം ആകെ ജനനങ്ങളുടെ പകുതിയോളം വരും. ചൈനയില്‍ (46,299), നൈജീരിയ (26,039), പാകിസ്താന്‍ (6,787), ഇന്തോനീഷ്യ (13,020), യുഎസ് (10,452), കോംഗോ (10,247), എത്യോപ്യ (8,493) എന്നീ രാജ്യങ്ങളിലാണ് ജനനനിരക്ക് കൂടുതല്‍.

ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാനൊരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍‌ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2027ാമാണ്ടോടെ ഇന്ത്യ ഈ നിലയിലേക്ക് എത്തിച്ചേരും.

2018ല്‍ 2.5 ദശലക്ഷം നവജാതശിശുക്കള്‍ മരിച്ചിരുന്നു. ജനനത്തിന്റെ ആദ്യമാസത്തില്‍ തന്നെയാണ് ഈ മരണങ്ങളെല്ലാം നടന്നത്. ഇവരില്‍ മൂന്നിലൊന്നുപേരും മരിച്ചത് ജനിച്ച അതേ ദിവസം തന്നെയാണ്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാലായിരുന്നു. നേരത്തെയുള്ള ജനനം, ഡെലിവറി സമയത്തെ സങ്കീര്‍ണതകള്‍, ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവയാണ് കാരണം. ഓരോ വര്‍ഷവും ശരാശരി 2.5 ദശലക്ഷം കുഞ്ഞുങ്ങള്‍ ചാപിള്ളകളായാണ് പുറത്തുവരുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു.