കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.

ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.

കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള്‍ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.