നൂറിലധികം ജീവികളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികളെ തായ്ലാന്‍ഡ് അധികൃതര്‍ പിടികൂടി. ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 109 ജീവികളെ ഇവര്‍ കടത്തിയത്.

രണ്ട് മുള്ളന്‍ പന്നികള്‍, രണ്ട് ഇത്തിള്‍ പന്നികള്‍, 35 ആമകള്‍, 20 പാമ്പുകള്‍, 50 പല്ലികള്‍ തുടങ്ങിയ ജീവികളെയാണ് കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കിലെ സുവര്‍ണ ഭൂമി വിമാനത്താവളത്തില്‍ നിന്ന് നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നിവരെയാണ് തായ്ലാന്‍ഡ് അധികൃതര്‍ പിടികൂടിയത്.

ജീവികളെ കടത്താന്‍ ശ്രമിച്ചതിന്റെ ഉദ്ദേശമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഇവരെ അധികൃതര്‍ പിടികൂടിയത്. 2019ലെ വന്യജീവി സംരക്ഷണ നിയമം, 2015ലെ അനിമല്‍ ഡിസീസ് ആക്ട്, 2017ലെ കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച നിലയില്‍ കടത്തുകയായിരുന്ന ജീവികളെ എക്സ്-റേ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് തായ്ലന്‍ഡിന്റെ വനം-വന്യജീവി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.