ബെർമിങ്ഹാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.യു.സിയുമായി, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, അഫിലിയേറ്റ് ചെയ്തതിന്റെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു ഐ.ഡബ്ല്യു.യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ ഐ.എൻ.ടി.യു.സി യുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഇന്ത്യൻ ജോലിക്കാരുടെ ജോലിസ്ഥലത്തെ അവകാശങ്ങൾക്കും തുല്യ നീതിക്കും ഹൗസിങ് മേഖലകളിലെ പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്.

ഐ.ഡബ്ല്യു.യു തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടുവാൻ കൂടുതൽ സൗകര്യപ്രദമാകുന്നതിനും വേണ്ടി റീജണൽ തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി മിഡ്‌ലാൻഡ്‌സ് റീജണിലെ കോർഡിനേഷൻ ചുമതല പ്രമുഖ സാമൂഹ്യപ്രവർത്തകനായ വിജി കേ പി യെ നിയോഗിച്ചു.

കെ എസ് യു പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിജി ഗവ. കോളേജ് മണിമലകുന്ന്, കൂത്താട്ടുകുളത്ത് രണ്ടു വർഷം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം അടക്കം യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൂടി ആയിരുന്ന വിജി യുക്മ വൈസ് പ്രസിഡണ്ട്, രണ്ടു തവണ യുക്മ പ്രസിഡണ്ട് എന്നീ നിലകളിൽ യു കെ യിലും പൊതുപ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമാണ്.

റീജണൽ കോർഡിനേറ്റേഴ്‌സിനു യു കെ യിലെ എംപ്ലോയ്‌മെന്റ് റൂൾസ്, ഹൗസിങ് ലോസ്‌ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുവാനും പരിശീലനത്തിന് ശേഷം അവരുടെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റികൾ രൂപീകരിക്കുവാനും, റീജണൽ തലത്തിൽ തൊഴിൽ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി പ്രത്യേകം സമിതികൾ രൂപീകരിക്കുവാനും പദ്ധതിയിട്ടതായി കൗൺസിലർ ബൈജു തിട്ടാല അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾക്കും സമാനമായി അവരുടേതായ പരിശീലനവും സംവിധാനങ്ങളും ഉടൻ തന്നെ പ്രാബല്യത്തിൽ വരും എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.