ഇറാക്കിലെ ബാഗ്‌ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്. പെരുന്നാൾ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകര ആക്രമണത്തിന് ഇരയായത്.

സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു.

ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്ന് ഇറാഖ് പ്രസിഡന്‍റ് ബര്‍ം സാലിഹ് വ്യക്തമാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.