റാന്നി:  കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20)  കണ്ടെത്തിയതായി സൂചന. കാണാതായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ജസ്ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിച്ചില്ല.

മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം. ജസ്നയുടെ ആണ്‍സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം മുന്നോട്ടുപോയി. എന്നാല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടെ ജസ്നയുടെ പിതാവിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച്ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ജസ്നയെ കണ്ടെന്ന തരത്തില്‍ പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചു. ഈ സന്ദേശങ്ങളുടെ പിറകെ പോയ പോലീസിന് നിരാശയായിരുന്നു ഫലം.

ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.ഐ., തിരുവല്ല ഡിവൈ.എസ്.പി. എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ്  അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്.പി കെ.ജി സൈമണിനായിരുന്നു അന്വേഷണ ചുമതല. തച്ചങ്കരി ചുമതലയേറ്റം ശേഷം തയ്യാറാക്കിയ കേസുകളുടെ മുന്‍ഗണനാ പട്ടികയില്‍ ജസ്‌നയുടെ തിരോധാനവും ഉള്‍പ്പെടുത്തിയിരുന്നു