ജോസ്‌ന സാബു സെബാസ്റ്റ്യൻ

കൊലയും കൊലപാതകവും ഇന്നും ഇന്നലെയും തുടങ്ങിയ പുതുതായ ഒന്നല്ല. മനുഷ്യൻ ഉള്ളകാലമൊക്കെയും കൊലയും ചതിയും നടന്നിട്ടുണ്ട് . നിഷ്കളങ്കരായ ഒട്ടേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുള്ളവരാണ് നമ്മൾ .

പിന്നെന്തിന് ഒരു പെണ്ണ് കൊലയാളിയാകുമ്പോൾ മാത്രം സമൂഹമിത്ര ഞെട്ടണം ?

പെണ്ണെന്നാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കേണ്ടവളാണെന്ന കാഴ്ചപ്പാടിന് കോട്ടം വരുന്നതിനാലല്ലേ കൊലക്കയർ ഒരു പെണ്ണെടുക്കുമ്പോൾ സമൂഹമിങ്ങനെ കത്തിപ്പടരുന്നത് ..

ഇതിലൂടെ ഒരു പെണ്ണെങ്ങനെ ആയിരിക്കണം അല്ലങ്കിൽ ഇങ്ങനെയേ ആകാവുള്ളു എന്ന പ്രതീക്ഷയ്ക്കു കോട്ടം വന്നതാണ് കാരണം. (എന്ന് പറഞ്ഞൊരു കൊലയാളി കൊലയാളി അല്ലാതാകുന്നില്ല . )

സ്ത്രീകളുടെ ഉലച്ചിലുകൾ സമൂഹമിത്രയധികം പേടിക്കുന്നത് എന്തുകൊണ്ടായിരിക്കാം ?

നമ്മളുടെ നാട് സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഒരു നാടാണ് . നാം ഭൂമിയെ മാതാവായും രാഷ്ട്രത്തെ ഭാരത് മാതാവായും കണ്ടിരുന്ന ഒരേ ഒരു രാജ്യം നമ്മുടേത് മാത്രമായിരുന്നു . ഒരു സ്ത്രീയെന്നാൽ ഒരു വീടെന്ന് അർഥം. കടന്നു വരുന്ന ഒരു പെണ്ണിനെ അനുസരിച്ചിരിക്കും വീട്ടിലെ സമാധാനവും അവളിലൂടെ ഉരിതിരിഞ്ഞു വരുന്ന തലമുറയും . പക്ഷെ ഇന്ന് നമ്മൾ ജീവിക്കുന്നത് തികച്ചും വിചിത്രമായൊരു കാലഘട്ടത്തിലാണ് .

ആണിന് പേശീബലവും പെണ്ണിന് മാനസീക ബലവും കൊടുത്തു ഭൂമി അനുഗ്രഹിച്ചിരിക്കുന്നു . ആണുറഞ്ഞു തുള്ളുന്നിടത്ത് പെണ്ണ് ശാന്തമായിരുന്നു .

എന്നാൽ ഇന്ന് പെണ്ണ് ആണിനൊപ്പം വളരാൻ പരിശ്രമിക്കുന്നു . പലതരത്തിൽ ആണിനൊപ്പം പിടിച്ചു നിൽക്കാമെന്ന് കണക്കാക്കി ഉരിതിരിഞ്ഞു വന്ന ചാഞ്ചാട്ടത്തിലൂടെ അവൾക്കിന്ന് മനസിനെ അടക്കി പിടിക്കുന്ന താക്കോൽ നഷ്ടമായിരിക്കുന്നു . പകരം എന്തും ചെയ്യാനുള്ള പേശീബലത്തിലേക്കു പെണ്ണിന്റെ മനസ് വളർന്നു കല്ലിച്ചു.

കാരണം ഒരു സ്ത്രീയിൽ തന്നെ എല്ലാ ദേവീ ഭാവങ്ങളും അടങ്ങിയിരിക്കുന്നു… ഐശ്വര്യവതിയായവളെ ലക്ഷ്മിയും , പതിവൃതയായവളെ പാർവ്വതിയും അറിവുള്ളവളെ . സരസ്വതിയുമൊക്കെയായി ചിത്രീകരിക്കുമ്പോൾ എന്തും സംഹാരിക്കാവുന്നത്ര മനബലമുള്ള മഹാകാളി രൂപവും അവളോടൊപ്പമുണ്ടെന്ന് നമ്മൾ മറന്നുകൂടാ …

അതിനാൽ ഇതിൽ ആരും ആരെയും കുറ്റം പറഞ്ഞു വാർത്തകൾ തള്ളി മറിച്ചിട്ടു കാര്യമില്ല, ആണും പെണ്ണും പരസ്പരം ബഹുമാനിക്കാനും ബഹുമാനം കൊടുക്കാനും പഠിക്കണം. സ്‌നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടാനും ഇനി സ്നേഹിക്കാനാവില്ല എന്ന് തോന്നുമ്പോൾ അതിനെ അംഗീകരിച്ചു നന്മ നേർന്ന് പിരിഞ്ഞു പോകാനും ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു പഠിപ്പിക്കേണ്ടിയിരിക്കുന്നു .

അതിനാൽ തന്നെ ഗ്രീഷ്മയെ ചെയ്തത് ഒറ്റക്കല്ല, അതിനകമ്പടിയായി വിവിധ കഴുകൻ മീഡിയകളും, വിഷം വാരി വിതറി കരുത്തേകികൊണ്ട് സിനിമാ മേഖലയും, എന്തിനെയും സംശയത്തോടെ ഒളികണ്ണിട്ടു നോക്കി സമൂഹവും, ധനികനാകാൻ മാത്രം പഠിപ്പിച്ചു ആളെക്കൂട്ടുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളുമൊക്കെ ഇതുപോലുള്ള കൊലയ്ക്ക്‌ ഒരേപോലെ ഉത്തരവാദികളാണ് .

ഇഷ്ടമാകുമ്പോൾ അടുക്കുന്നത് പോലെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ നല്ലത് വരട്ടെ എന്ന് പറഞ്ഞകന്നു പോകാനുള്ള മനബലവും കൂടി നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇനിയും ഉൾപ്പെടുത്തിയില്ലങ്കിൽ ആസിഡിനും കഷായത്തിനുമൊക്കെ ഇനി വരും കാലങ്ങളിൽ നല്ല ഡിമാൻന്റായിരിക്കും…