ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് ഖാൻ പറഞ്ഞു.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി പൊതുഗതാഗത സംവിധാനത്തിൽ മാസ്കുകൾ നിർബന്ധമാണ്.അടുത്ത തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുന്നത്. തിരക്കേറിയ ട്യൂബ് ട്രെയിൻ പോലുള്ള സ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ അവയുടെ ഉപയോഗം നിർബന്ധമാക്കിയിരുന്നില്ല.

ടി‌എഫ്‌എൽ ജീവനക്കാരും ബസ് ഡ്രൈവർമാരും മാസ്‌ക്കുകൾ ആവശ്യമാണെന്ന് യാത്രക്കാരെ ഓർമ്മിപ്പിക്കുന്നത് തുടരുമെന്നും മേയർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷവും മാസ്ക് നിർബന്ധമാക്കുന്ന ആദ്യത്തെ യുകെ നഗരമാണ് ലണ്ടൻ. പൊതുഗതാഗതത്തിൽ ഫേസ് മാസ്കുകൾ നിർബന്ധമാക്കുന്നത് തള്ളിക്കളയില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പറഞ്ഞു.

എന്നാൽ മാഞ്ചസ്റ്ററിലെ ട്രാമുകളിൽ മാസ്കുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ആളുകളുടെ ആശയക്കുഴപ്പം കൂട്ടുന്നത് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ ജൂലൈ 19 ന് നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കുമെങ്കിലും മാക്സ് നിർബന്ധമായും ഉപയോഗിക്കുന്നത് കുറച്ചുകാലം കൂടി തുടരുമെന്ന് നിക്കോള സ്റ്റർജൻ പറഞ്ഞു.

അതിനിടെ ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 1,200 ൽ അധികം വരുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മ രംഗത്തെത്തി. നീക്കത്തെ രൂക്ഷമായി വിമർശിച്ച കൂട്ടായ്മ തീരുമാനം അശാസ്ത്രീയവും അപകടകരവമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ലാൻസെറ്റ് എന്ന മെഡിക്കൽ ജേണലിലാണ് വിദഗ്ദരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ദർ പറയുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് 2 ഡോസ് വാക്സിൻ നൽകാനും കുട്ടികളിൽ വാക്സിനേഷന് തുടക്കമിടാനും നാല് പ്രമുഖ സേജ് വിദഗ്ധർ ഉൾപ്പെടുന്ന ഗ്രൂപ്പ് ശുപാർശ ചെയ്യുന്നു.