ഞങ്ങളുടെ അയൽക്കാരൻ  ഇംഗ്ലീഷുകാരൻ… എന്റെ അമ്മോ ഒരു രക്ഷയും ഇല്ല …

കെട്ടിയോളെ സ്നേഹിക്കണത് കണ്ടാൽ പെറ്റമ്മ സഹിക്കില്ല …
സമ്മർ ടൈം ആണേൽ പിന്നെ നോക്കണ്ട …..

ഗാർഡനിൽ ഇരുന്നു കെട്ടിയോളെ കെട്ടിപിടിച്ചു വയലിൻ വായിക്കുന്നു, കേട്ടിയോൾ അയാളുടെ മടിയിൽ കിടന്ന് ബുക്ക് വായിക്കുന്നു , അവരുടെ സുന്ദരിയായ ഒരു നാലുവയസുകാരി അവർക്കു ചുറ്റും അവളുടെ ചെറിയ എട്ട് വയസുകാരൻ ചേട്ടച്ഛനുമായി ചിരിയും കളിയും തമാശയും എല്ലാമായി ഓടിനടക്കുന്നു… ആ പെൺകുട്ടിയെ തൊട്ടുരുമ്മി തലോടി നടക്കുന്ന ഒരു പൂച്ചകുട്ടിയും ഇവരിലെ ഒരു കഥാപാത്രമാണ് …….

ഇവരെ കാണുമ്പോൾ പലപ്പോഴും ഞാൻ ആലോചിക്കും ഇവരുടെ സന്തോഷ രഹസ്യമൊന്ന് അറിയണമെന്ന് …എന്തൊരു ഭംഗിയാണ് അവരുടെ ജീവിതത്തിന് …..

അങ്ങനെയിരിക്കെ ദിവസങ്ങൾ കഴിയവേ പെട്ടെന്നൊരു ദിവസം ഇവരെ ആരെയും പുറത്തേക്കു കാണാതായി , കളിചിരികൾ കേൾക്കാതെയായി , അവരുടെ അപ്പോളോ എന്ന് വിളിപ്പേരുള്ള പൂച്ചകുട്ടിയെ കാണാതായി …. ഒരു പച്ചമലയാളിയായ എനിക്ക് അവർക്കെന്ത് പറ്റിയെന്നറിയാഞ്ഞിട്ടു ഒരിരിക്കപ്പൊറുതിയുമില്ല .

കുറച്ചുനാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച യാദൃശ്യകമായി പുറത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിലെ ആ നാലുവയസുകാരിഒറ്റക്ക് ആ ഗാർഡനിൽ ചുമ്മാ ചുറ്റിത്തിരിഞ്ഞു നടക്കുന്നു ….പൂമ്പാറ്റയെപോലെ പാറിപ്പറന്നു നടന്നിരുന്ന ആ കുഞ്ഞിനിതെന്തു പറ്റിയെന്ന് ഞാൻ ആലോചിച്ചു ….

ഞാൻ ആ കുട്ടിയോട് ചോദിച്ചു ” where is your Apollo?”
ആ കുട്ടി പറഞ്ഞു its with my mummy ….
Where is your mummy എന്ന് ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു, പക്ഷെ ചോദിയ്ക്കാൻ മനസ് അനുവദിച്ചില്ല .

പിന്നീട് എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമായി ആ കുട്ടിയുടെ വരവ് ….
ആ ആൺകുട്ടിയുടെ വരവ് തന്നെ ഇല്ലാതായി ….
പിന്നീട് വേറൊരു സ്ത്രീയുമായായി ആ പുള്ളിയുടെ വയലിൻ വായന ….

പിന്നീടറിഞ്ഞ കാര്യങ്ങൾ വളരെ സങ്കടകരമായിരുന്നു….
ഇപ്പോൾ ആ പുള്ളിയുടെ കൂടെയുള്ള സ്ത്രീ അയാളുടെ മൂന്നാമത്തെ കാമുകിയാണ് . ആദ്യത്തെ ഭാര്യയിലുള്ള കുട്ടിയാണ് അവിടുണ്ടായിരുന്ന ആൺ കുട്ടി , രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായതാണ് അവിടുണ്ടായിരുന്ന പെൺ കുട്ടി …രണ്ടാമത്തെ ഭാര്യയുടെ പെറ്റായിരുന്നു അവിടുണ്ടായിരുന്ന പൂച്ചക്കുട്ടി ….

ഈ പുള്ളിക്കുണ്ടായ മൂന്നാമത്തെ ബന്ധത്തെ അറിഞ്ഞ രണ്ടാം ഭാര്യ തന്റെ പെൺകുഞ്ഞും പൂച്ചകുട്ടിയുമായി വീടുപേക്ഷിച്ചു ഇറങ്ങി …
എങ്കിലും എന്നും രാവിലെ ആ സ്ത്രീ തന്റെ പെൺകുട്ടിയ അവളുടെ പപ്പയുടെ അടുത്തയക്കും , ആ പുള്ളി കുട്ടിയെ സ്‌കൂളിൽ കൊണ്ടേ വിടും തിരികെ എടുക്കും , വൈകുന്നേരങ്ങളിൽ അവൾ വന്ന് കുട്ടിയെ കൂട്ടികൊണ്ടു പോകും ….
എല്ലാ ശനി ഞായർ ദിവസങ്ങളിലും ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയും രണ്ടാം ഭാര്യയിലുള്ള പെൺകുട്ടിയും അയാളുടെ വീട്ടിൽ ചിലവഴിക്കും , പിരിഞ്ഞുപോകും സന്തോഷത്തോടെ തന്നെ …..

ചില ഇടദിവസങ്ങളിൽ അയാളും രണ്ടാം ഭാര്യയും റെസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്നു ചായകുടിക്കുന്നതും പതിവ് കാഴ്ചയായി മാറി ….

ഇവരെ ഇങ്ങനോക്കെ കാണുമ്പോളാണ് ജീവിതം ഇങ്ങനെയും ആകാം എന്ന് ഞാൻ മനസിലാക്കിയത് . ജീവിതത്തിൽ എന്തും എപ്പോ വേണമെങ്കിലും സംഭവിക്കാം . നമ്മൾ വിചാരിക്കുന്ന സ്ക്രിപ്റ്റുകൾ പോലെത്തന്നെ നമ്മുടെ ജീവിതം ആകണമെന്ന് വാശിപിടിക്കുന്നിടത്താണ് നമ്മൾ ജീവിക്കാൻ പാടുപെടുന്നത് ….
നമ്മുടെ ജീവിതത്തിലെ സസ്പെൻസ് എൻജോയ് ചെയ്യാൻ നമ്മൾ പഠിക്കേണ്ടതുണ്ട് …

അതെങ്ങനെ ഇന്നലത്തെ എച്ചിൽ കളയാൻ ഒരു നിർവ്വാഹവുമില്ലാതെ പൊതിഞ്ഞു കെട്ടി അടുക്കള മൂലക്ക് സൂക്ഷിച്ചു മണമടിച്ചു പരിചയമുള്ള നമ്മൾ , നമ്മുടെ ജീവിതത്തിലും അത് തുടരുന്നു ….വിട്ടുകൊടുക്കേണ്ടതിനെ വിട്ടുകൊടുക്കാതെ , വാശിയും പകയും വിരോധവുമെല്ലാം എന്നും ചികഞ്ഞു വാരി മണത്തു നോക്കി ദുർഗന്ധം വമിപ്പിച്ചു മറ്റുള്ളവരിലേക്കും എത്തിക്കുന്നു …..

നമ്മുടെ ജീവിത വെയിസ്റ്റ് ബിന്നും എന്നും വൃത്തിയാക്കി വെക്കേണ്ടതുണ്ട് …

ന്യൂസിലാൻഡിൽ മരണമടഞ്ഞ രാജുവിന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാത്തവരെ മാത്രമേ നമുക്കറിയൂ ….അങ്ങനെ വിട്ടുകൊടുക്കാൻ പാടുള്ള, പരസ്പരം വെറുപ്പും വിരോധവും പകയും കൂടെ കൊണ്ട് നടന്ന് മക്കളെക്കൂടി ആ വിഷപ്പുക ഏൽപ്പിക്കുന്ന ഒട്ടേറെ മനുഷ്യർക്കായിത് സമർപ്പിക്കുന്നു …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️