ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ വാര്യാട് ഉണ്ടായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണവും അമിതവേഗമാണ്. അൽപകാലം അപകടങ്ങൾ വിട്ടുനിന്ന ഇടവേളക്കുശേഷമാണ് വാര്യാട് മൂന്നുപേരുടെ ജീവൻ കവർന്ന അപകടം നടന്നിരിക്കുന്നത്.

നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു കാക്കവയൽ. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയുംവലിയൊരു അപകടമുണ്ടാവുകയും മൂന്നുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് പ്രദേശവാസികളെ ഒന്നാകെ സങ്കടത്തിലാക്കി.

കാറിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), പ്രവീഷിന്റെ അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജിഷയുടെയും മകൻ ആരവിനെ (രണ്ടര) സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് പ്രവീഷും കുടുംബവും സഞ്ചരിച്ച കാർ മിൽമ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. സുൽത്താൻബത്തേരി ഭാഗത്തുനിന്ന് കല്പറ്റ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രവീഷിനെയും പ്രേമലതയെയും കല്പറ്റ ലിയോ ആശുപത്രിയിലും ശ്രീജിഷയെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിജയനാണ് പ്രവീഷിന്റെ അച്ഛൻ.

അച്ഛനും അമ്മയും അച്ഛമ്മയും നഷ്ടമായ ആരവിന്റെ അവസ്ഥ അപകടത്തിന്റെ നോവുകൂട്ടി. ഗുരുതരമായി പരിക്കേറ്റ ആരവ്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിലായിരുന്നു മൂന്നുപേരുടെ ജീവൻ കവർന്ന അപകടം. അപകടത്തിന് അധികം ദൃക്സാക്ഷികളുമില്ല. സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചപ്പോഴുണ്ടായ വലിയശബ്ദം കേട്ടാണ് സമീപപ്രദേശത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതം കാറിന്റെ തകർച്ചയിൽനിന്നുതന്നെ വ്യക്തമാണ്. കാർ പൂർണമായി തകർന്നു. മീനങ്ങാടി പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിലേ അപകടകാരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇന്റർസെപ്റ്റർ ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളും ഈമേഖലയിലുണ്ട്.