സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം പതിനൊന്നുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. എറണാകുളം നഗരത്തിൽ 23 , വൈക്കത്ത് 22 , മൂന്നാറിൽ 20 സെ.മി വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. വ്യാപക കൃഷിനാശവും. പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു. 20 വരെ കേരളത്തിൽ മഴ തുടരും. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിൽ ആണ് കൈനകരി വേണാട്ടുകാട് തുടങ്ങിയ തുരുത്തുകൾ ഒറ്റപെട്ടു, പുളിങ്കുന്ന് വെളിയനാട് കാവാലം മങ്കൊമ്പ് പ്രദേശങ്ങൾ ക്രമാതീതമായി ഉയരുന്ന ജലനിരപ്പിൽ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെയും തുറന്നിട്ടില്ല. ജനപ്രതിനിധികളുടെ അവഗണനയിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധിക്കുന്നു.ചങ്ങനാശേറി ആലപ്പുഴ എസി റോഡിലൂടെ ഉള്ളവാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. കുട്ടനാടൻ മേഖല ഒറ്റപ്പെട്ടു. കെട്ടിഘോഷിക്കപ്പെട്ട കുട്ടനാട് പാക്കെജിന്റെയും ദുരന്തം വെളിവാക്കുന്നു

കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ് എന്നാല്‍ കോളജുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയില്ല. നിലമ്പൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട്, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി എന്നീ താലൂക്കുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ അവധിയാണ്.

ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധിയാണ്. വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്. 559 കുടുംബങ്ങളിലെ 2075 പേരാണ് ആറ് ക്യാംപുകളിലായി കഴിയുന്നത്. മൂവാറ്റുപുഴ താലൂക്കില്‍ 59 കുടുംബങ്ങളിലെ 168 പേരെ ക്യാംപുകളിലേക്ക് മാറ്റി. കോതമംഗലം താലൂക്കില്‍ 43 കുടുംബങ്ങളിലെ 142 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

കണയന്നൂര്‍ താലൂക്കില്‍ 115 കുടുംബങ്ങളിലെ 286 പേര്‍ക്ക് അധികൃതര്‍ ക്യാമ്പുകളില്‍ സൗകര്യമൊരുക്കി. ആലുവ താലൂക്കില്‍ ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് തുറന്ന ക്യാമ്പിലേക്ക് 35 കുടുംബങ്ങളിലെ 131 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പറവൂര്‍ താലൂക്കില്‍ 174 കുടുംബങ്ങളിലെ 512 പേരെ ക്യാംപുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.