ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബാറ്ററി ടോർച്ച് ചിഹ്നമായി അനുവദിച്ചെന്ന് കമൽഹാസൻ ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.

തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 40 ലോക്സഭാ സീറ്റുകളിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് കമൽഹാസൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ, ഡിഎംകെ എന്നിവരുമായി സഖ്യത്തിനില്ലെന്നും തന്റെ പാർട്ടി ഒറ്റയ്ക്കാവും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ശുദ്ധമായ കൈകളാൽ തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് തന്റെ ശ്രമമെന്നും അതിനാൽ തന്നെ തങ്ങളുടെ കൈകൾ കളങ്കമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മക്കൾ നീതി മയ്യത്തിന്റെ ആശയവുമായി യോജിക്കുന്ന പാർട്ടികളുമായി കൈകോർക്കുമെന്നാണ് കമൽഹാസൻ പറഞ്ഞത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയതോടെ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.