സവ‍ർണ അവർണ വേർതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വർ. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകരുതാത്ത പ്രസ്താവനയാണ് പിണറായി നടത്തിയത്. എന്തുവില കൊടുത്തും ശബരിമലയിലെ യുവതീപ്രവേശം തടയുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. യുവതീ പ്രവേശം തടയാൻ വേണ്ടി വന്നാൽ ക്ഷേത്രം അശുദ്ധമാക്കി നട അടയ്ക്കുമെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു.

ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്നു വെളിപ്പെടുത്തൽ. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോർഡിനോ സർക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയിൽ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. രാഹുൽ ഈശ്വരിനോ തന്ത്രിക്കോ മുഖ്യമന്ത്രിക്കോ ശ്രീധനം കിട്ടിയതല്ല ശബരിമല.ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി നിന്ന് 20 പേരെ താൻ തടയുകയാണ് ചെയ്തത്. കരുണാകരന് ശേഷം കേരളം കണ്ട ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശക്തനായ മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുന്നിലാണ് പിണറായി തോറ്റത് അതുകൊണ്ട് ഈഗോ ആവശ്യമില്ല.പിണറായിയുടെ പരാജയം മറച്ചുവെക്കാനാണ് അദ്ദേഹം വളരെ പ്രകോപനപരമായി സംസാരിക്കുന്നത്.

ജാതിയുടെ പേരിൽ വേർതിരിക്കാനാണ് ശ്രമം. സവർണ അവർണ പോര് ഉണ്ടാക്കാൻ ഒരു മുഖ്യമന്ത്രി കൂട്ടുനിൽക്കരുത്. സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.