സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.

വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.

നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.