വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0​ത്തിന് ജയിച്ചിരുന്നു.

രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.

2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.