പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്തെത്തി. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടൻ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.

ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്നും മേജർ രവി വ്യക്തമാക്കി.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരം.

ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യംപിൽ ലിനുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.