ശാസ്താംകോട്ടയിലെ പോരുവഴിയിൽ ഭർതൃഗൃഹത്തിൽ 24കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരുതോരാതെ വീട്ടുകാർ. നിലമേൽ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ കിരൺ കുമാറെന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ വിവാഹമാലോചിച്ച് എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു.

സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറും കുടുംബവും പക്ഷെ വിവാഹശേഷം തനിനിറം പുറത്തെടുക്കുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്ക് വിവാഹസമ്മാനമായി നൽകി.

പക്ഷെ, വിവാഹം കഴിഞ്ഞ് ഒരിക്കൽ പോലും വിസ്മയ സമാധാനത്തോടെ ജീവിച്ചിട്ടില്ലെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ.. എന്നിട്ടും..’ വിസ്മയയുടെ വിയോഗത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്‌വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാർ വിവാഹം കഴിച്ചത്. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു. കാറിന്റെ കളർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് വിസ്മയയെ ഉപദ്രവിച്ചതിനും കാറിന്റെ ഗ്ലാസ് തല്ലിത്തകർത്തതിനും തെളിവുകളുണ്ട്.

വായ്പയെടുത്താണു കാർ വാങ്ങി സ്ത്രീധനമായി നൽകിയത്. അതുകൊണ്ടുതന്നെ കാറിന് പകരം പണം ചോദിച്ചപ്പോൾ കൊടുക്കാൻ തന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ സ്ത്രീധനം ചോദിച്ച് താൻ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്‌ക്രീൻഷോട്ടുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു.

‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’- ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.