ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നല്‍കിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.

ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.