കെടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്സ് മുറിയിൽ വെട്ടികൊലപ്പെടുത്തുന്നതിന് സാക്ഷിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസീന (31) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് മൊകേരി യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷെസീന കൊലപാതകം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം ബന്ധിച്ച ഷെസിന കഴിഞ്ഞ 24 വർഷത്തോളമായി ചികിത്സ തേടിവരികയായിരുന്നു.

1999 ലാണ് കൂത്തുപറമ്പ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായ കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ക്ലാസ്സ് റൂമിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു കെടി ജയകൃഷ്ണൻ മാസ്റ്റർ. ഈ സംഭവത്തിന് ശേഷം കൊലപാതകം നേരിട്ട് കണ്ട വിദ്യാർത്ഥികൾ മാസങ്ങളോളം സ്‌കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.

പതിനാറോളം വിദ്യാർത്ഥികളാണ് കൊലപാതകം നടക്കുമ്പോൾ ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്. അതിൽ പല വിദ്യാർത്ഥികളും പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറിപോയിരുന്നു. കൊലപാതകം നടക്കുമ്പോൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിലായിരുന്നു ഷെസീന ഇരുന്നത്. അധ്യാപകന് വെട്ടേറ്റപ്പോൾ വിദ്യാർത്ഥികളുടെ മുഖത്ത് രക്തം ചിതറി തെറിച്ചതായി അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി ജീവിതകാലം മുഴുവൻ മാനസിക അസ്വസ്ഥകൾ നേരിട്ട് ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.