മാഞ്ചസ്റ്റര്‍ ഭീകരാക്രമണം നടന്ന സമയത്ത് അപകടത്തിലായവരെ രക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ ഹീറോ ആയി മാറിയ ക്രിസ്റ്റഫര്‍ പാര്‍ക്കര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മോഷണം നടത്തിയതായി തെളിഞ്ഞു. ഇരുപത്തി രണ്ട് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്ക് പറ്റാനും ഇടയാക്കിയ സ്ഫോടനം ബ്രിട്ടനെ നടുക്കിയിരുന്നു. ഈ സ്ഫോടന സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിലൂടെയാണ് ക്രിസ് പാര്‍ക്കര്‍ എന്ന ഭാവന രഹിതന്‍ ഹീറോ ആയി മാറിയത്.

സ്ഫോടന ശേഷം നല്‍കിയ ടിവി അഭിമുഖങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും ആയിരുന്നു ക്രിസ് വീര നായകനായി മാറിയത്. അതിന് ശേഷം ‘മാഞ്ചസ്റ്റര്‍ ഹീറോ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇയാളുടെ ജീവിതത്തിലെ ശോചനീയാവസ്ഥ പലരുടെയും മനസ്സലിയിക്കുകയും ചെയ്തിരുന്നു. തെരുവില്‍ ഉറങ്ങിയിരുന്ന ഇയാള്‍ക്ക് വേണ്ടി ഗോഫണ്ട് മീ എന്ന ചാരിറ്റി പേജ് വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇതിനെ തുടര്‍ന്നായിരുന്നു. ജോണ്‍സ് എന്നയാള്‍ ആയിരുന്നു ഗോഫണ്ട്‌മീയിലൂടെ ക്രിസിനെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. അപ്പീലിനെ തുടര്‍ന്ന് 3700 പേരില്‍ നിന്നായി 52539 പൗണ്ട് പാര്‍ക്കറിനായി ശേഖരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെയും തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിന്റെയും സിസി ടിവി ഇമേജുകള്‍ പരിശോധിച്ച പോലീസ് ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ് കിടന്നിരുന്ന ആളുകളുടെ പോക്കറ്റില്‍ നിന്ന് മൊബൈലും പഴ്സും മോഷ്ടിക്കുന്ന ക്രിസ് പാര്‍ക്കറുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സഹതാപം രോഷമായി മാറി. ഇതിനെ തുടര്‍ന്നാണ്‌ സംഭാവനയായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നല്‍കിയവര്‍ക്ക് തന്നെ തിരിച്ച് നല്‍കുമെന്ന് ഫണ്ട് ശേഖരണത്തിന് മുന്‍കയ്യെടുത്ത ജോണ്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗോഫണ്ട്മീയുടെ പോളിസി അനുസരിച്ച് ഒരു കാര്യത്തിനായി പിരിച്ച പണം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ അനുവാദമില്ല എന്നതും പണം തിരികെ നല്‍കാനുള്ള തീരുമാനത്തിന് കാരണമായി.

അതെ സമയം ഹീറോ ആയി വാഴ്ത്തപ്പെട്ട ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ക്കുള്ള ശിക്ഷ ഈ മാസം മുപ്പതിന് വിധിക്കും.