കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൊള്ളപ്പലിശ വാങ്ങി പണം നല്‍കുന്ന സംഘം അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പലിശയ്ക്ക് പണം നല്‍കാന്‍ ഇത്രയും തുക തങ്ങള്‍ക്ക് കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ചെന്നൈ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനത്ത് ആകെ 500 കോടിയോളം രൂപ ഇവര്‍ പലിശയ്ക്ക് നല്‍കിയതായിട്ടാണ് വിവരം. പ്രോമിസറി നോട്ടുകളും കടം നല്‍കിയ വിവരങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫിലിപ്പ് ജേക്കബ് ഇവരുടെ കൈയ്യില്‍ നിന്നും 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയിട്ടും ഫിലിപ്പിന്റെ ആഢംബര വാഹനം ഇവര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടത്തിയതായി സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.