നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലമാണ് സോഷ്യൽമീഡിയയിൽ വൈറൽ. ഇല്ലായ്മകളുടെ അയ്യരുകലിയാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലമെന്ന് സോഷ്യൽമീഡിയ പറയുന്നു. സ്വന്തമായി വീട്, വാഹനം എന്നിവ ഇല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് പറയുന്ന കാര്യങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്.

ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഒരു വലിയ നിര സത്യവാങ്മൂലത്തിൽ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്.

മിസോറാം ഗവർണർ കാലത്തെ ശമ്പളം സ്വന്തമായി സൂക്ഷിക്കാതെ സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം .കുമ്മനം രാജശേഖരന്റെ കൈയ്യിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.

അതേസമയം, നേമത്ത് മത്സരിക്കുന്ന എതിരാളിയായ കെ മുരളീധരൻ ശക്തനാണെന്ന പ്രചാരണവും കുമ്മനം തള്ളി. കെ മുരളീധരൻ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരൻ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാൾക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുൻനിർത്തിയാണെന്നും കുമ്മനം പ്രതികരിക്കുന്നു.