കൊല്ലം: അമ്മ യോഗത്തിനു ശേഷം നടത്തിയ പരാമര്‍ശങ്ങളില്‍ മുകേഷിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ പറഞ്ഞു. ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി ഒരു ജനപ്രതിനിധി ഒരിക്കലും ഇങ്ങനെ പരസ്യമായി പ്രതികരിക്കാന്‍ പാടില്ലായിരുന്നു. ആര്‍ക്കെതിരെയാണോ അന്വേഷണം നടക്കുന്നത്, അയാള്‍ കുറ്റക്കാരനല്ലെന്ന് പറയരുത്. അത് ശരിയല്ലെന്നും അനിരുദ്ധന്‍ പറഞ്ഞു.

ദിലീപ് കുറ്റക്കാരനല്ലെന്ന് അമ്മയുടെ തീരുമാനം അനുസരിച്ച് ഇപ്പോഴേ വിധിച്ചാല്‍ പോലീസും കോടതിയും ആവശ്യമില്ലല്ലോയെന്നും അനിരുദ്ധന്‍ പറഞ്ഞു. അമ്മയുടെ അംഗമായതിനാല്‍ അമ്മ എടുക്കുന്ന തീരുമാനം അനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്ന് ജനപ്രതിനിധിക്ക് നിലപാട് എടുക്കാന്‍ കഴിയില്ലെന്നും അനിരുദ്ധന്‍ വ്യക്തമാക്കി. അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിപിഎം കൊല്ലം ജില്ലാക്കമ്മിറ്റി വിഷയത്തില്‍ മുകേഷില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

അമ്മ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗണേഷ്‌കുമാറും മുകേഷുമുള്‍പ്പെടെയുള്ളവര്‍ വൈകാരികമായാണ് മറുപടി നല്‍കിയത്. ദിലീപിനെ പിന്തുണയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു.