പ്രശസ്തയായ ഒരു മകള്‍ ഉണ്ടായിട്ടു പോലും എഴുന്നേറ്റ് നിൽക്കാൻ പോലും പ്രാപ്തിയില്ലാതെ ഉറ്റവരുടെയും നല്ലമനസുള്ളവരുടെയും കാരുണ്യത്തിൽ ജീവിതം തള്ളിനീക്കിയ നടി ലിസിയുടെ പിതാവ് കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി (75)അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് വര്‍ക്കി മരിച്ചത്. ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കീരംപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും.

ലോകം അറിയപ്പെടുന്ന മകൾ ഉണ്ടായിട്ടും മുട്ടിലിഴഞ്ഞ് നരകിച്ചുള്ള അന്ത്യമയിരുന്നു നെല്ലിട്ടിൽ പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള എൻ ഡി വർക്കിയുടേത്. ദീര്‍ഘ കാലം നിയമപോരാട്ടം നടത്തിയെങ്കിലും തന്നെ കാണാൻ പോലും എത്താത്ത  മകളുടെ അവഗണനയിൽ ഏറെ മനസ്സ് വേദനിച്ചാണ്  വര്‍ക്കിയുടെ അന്ത്യം . അപ്പച്ചാ എന്നുവിളിച്ച് മകൾ ലിസ്സി തന്റെ അരികിലെത്തുമെന്ന പ്രതീക്ഷ അവസാന നിമിഷങ്ങളിലും വർക്കി കാത്തുസൂക്ഷിച്ചിരുന്നെന്നാണ് സഹോദരൻ ബാബുവിന്റെ വെളിപ്പെടുത്തൽ.

നടിയും പ്രമുഖ സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാൻ നിയമനടപടികളുമായി വർക്കി രംഗത്തിറങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കേസ് നടപടികളെത്തുടർന്ന് ആകെ ലിസ്സിയിൽ നിന്നും ഒരു ലക്ഷത്തിൽപ്പരം രൂപ ലഭിച്ചതൊഴിച്ചാൽ പിതാവിന് ലിസിയില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിച്ചിരുന്നില്ല . അച്ഛനെന്ന നിലയിൽ വര്‍ക്കിയെ ലിസ്സി ഒരിക്കലും അംഗീകരിച്ചിരുന്നില്ല . ഏതാനും വർഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെസഹോദരന്റെ വീട്ടിലായിരുന്നു വര്‍ക്കിയുടെ താമസം.

ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആര്‍. ഡി. ഒ മുമ്പാകെ വര്‍ക്കി  ഹര്‍ജി സമര്‍പ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ആര്‍. ഡി. ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടര്‍ന്ന് വര്‍ക്കി അടുത്തിടെ ജില്ലാ കളക്ടര്‍ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയര്‍ത്തുകയും ലിസിക്ക് കളക്ടര്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് വര്‍ക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വര്‍ക്കിക്ക് ചെലവിന് കൊടുക്കാന്‍ തയ്യാറായത്.

വര്‍ക്കിയ്ക്ക് പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് വര്‍ക്കി ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ.

പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണമെന്നാണ് വർക്കി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. അതോടെ ബന്ധം വേര്‍പിരിയുകയും മകളെയും കൂട്ടി ഏലിയാമ്മ പോകുകയും ചെയ്തു .മകള്‍ സിനിമയില്‍ അഭിനയിക്കുന്നത് വര്‍ക്കിക്ക് ഇഷ്ടം അല്ലായിരുന്നു .എന്നാല്‍ ഏലിയാമ്മയാണ് ലിസ്സിയെ സിനിമയില്‍ എത്തിച്ചത്.

read more.. ‘കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് അതിശയിച്ച് പോയിട്ടുണ്ട്; ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍’ ?; പിറന്നുവീണ ചോരക്കുഞ്ഞിനെ ക്ലോസെറ്റില്‍ മുക്കികൊല്ലുന്നത് കാണേണ്ടിവന്നിട്ടുണ്ട്; തുറന്നുപറച്ചിലുകളുമായി സിസ്റ്റർ മേരി ചാണ്ടിയുടെ പുസ്തകം