ജയൻ എടപ്പാൾ

ലണ്ടൻ : ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാസമ്മേളനം ലണ്ടനിൽ പ്രൗഡോജ്വലമായി സമാപിച്ചു. പൊതു സമ്മേളനത്തിന് എത്തിച്ചേർന്നത് വമ്പിച്ച ജനാവലിയാണ്. വർണ്ണാഭമായ കലാപരിപാടികൾ ആസ്വദിച്ചു മനംനിറഞ്ഞാണ് കാണികൾ മടങ്ങിയത്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടു വരുന്നതിനുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഏഴ് ദിവസവും ഡയറക്ട് വിമാന സർവീസ് ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ഗവൺമെന്റ് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകകേരളസഭ യുകെ-. യൂറോപ്പ് മേഖലാ കോൺഫ്രറൻസും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിനിധി സമ്മേളനം ലണ്ടനിലെ സെൻറ് ജെയിംസ് കോർട്ട് ഹോട്ടലിലും പൊതുസമ്മേളനം ലണ്ടനിലെ ടുഡോർ പാർക്കിലുമാണ് സംഘടിപ്പിച്ചത് . യുകെ- യൂറോപ്പ് മേഖലകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾ ഉന്നയിച്ച പ്രാധാന്യമുള്ള മുഴുവൻ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് നടപ്പിലാക്കാൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മാണത്തിൽ പ്രവാസി മലയാളികൾക്ക് വലിയ ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെയെന്നും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പ്രവാസി മലയാളികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ നാടിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

മലയാളം മിഷന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നുവെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണെന്നുള്ള ആവശ്യവും പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് നോർക്ക രജിസ്ട്രേഷൻ നൽകണമെന്നനിർദ്ദേശവും സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് ലഭിക്കേണ്ടതായ അവകാശങ്ങൾ വിപുലീകരിക്കേണ്ടതിനെക്കുറിച്ചും ഇരട്ടപൗരത്വം അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിനിധികൾ ഉന്നയിക്കപ്പെട്ടുവെങ്കിലും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ അല്ലാത്ത വിഷയങ്ങൾ ആയതുകൊണ്ട് കേന്ദ്ര ഗവൺമെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യുകെ- യൂറോപ്പ് മേഖലകളിൽ നിന്നമുള്ള തെരഞ്ഞെടുക്കപ്പെട്ട ലോക കേരള സഭ അംഗങ്ങളെ കൂടാതെ ബിസിനസ് മേഖലകളിൽ നിന്നുമുള്ള പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികളുമുൾപ്പെടെ 125 ലധികം പ്രതിനിധികളാണ് രാവിലത്തെ സെഷനിൽ പങ്കെടുത്തത് . യുകെ- യൂറോപ്പ് മലയാളികളുടെ പൊതുവായ ആവശ്യങ്ങളും കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി കേരളത്തിൽ നിന്നും യോഗ്യതയുള്ള നഴ്സുമാർക്കും മറ്റ് ആരോഗ്യ മേഖലകളിൽ യോഗ്യത സമ്പാദിച്ചിട്ടുള്ളവർക്കും യുകെയിലേക്ക് ജോലിക്കായി എത്തുന്നതിന് നോർക്കയും യോർക്ക് ഷെയർ ആൻഡ് ഹംബർ ഹെൽത്ത് കെയർ പാർട്ട്ണർഷിപ്പും തമ്മിൽ വേദിയിൽവച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എഗ്രിമെൻറ് അനുസരിച്ച് കേരളത്തിൽ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടെ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇടനിലക്കാരില്ലാതെ യുകെയിലേക്ക് എത്തുവാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ കൊച്ചിയിൽ വച്ച് യുകെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന വിവരവും പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. അടുത്ത മേഖലാ സമ്മേളനങ്ങൾ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചു നടത്തുന്നതാണെന്നും ലോകകേരളസഭ സമ്മേളനങ്ങളുടെ ചെലവുകൾ വഹിക്കുന്നത് സർക്കാർ അല്ലായെന്നും നാടിൻറെ കാര്യത്തിൽ താല്പര്യമുള്ള അതാത് പ്രദേശങ്ങളിലെ മലയാളികൾ ആണെന്ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെയും, വ്യവസായ മന്ത്രി പി രാജീവനെയും കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് , ഡൽഹിയിലെ. ഒ എസ് ഡി വേണു രാജാമണി ഐഎഎസ് , നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശേരി, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോൻ, എസ് ശ്രീകുമാർ, സി എ ജോസഫ് , ബിജു പെരിങ്ങത്തറ,കുര്യൻ ജോർജ്ജ് എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരും സംഘടനാ നേതാക്കളും സമ്മേളനങ്ങളിൽ സംസാരിക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചതും അവസാനിച്ചതും.

ബ്രിട്ടനിലെ മലയാളീ സമൂഹത്തിന്റെ കൂട്ടായ്മയും സംഘടന ബോധവും വിളിച്ചോതി കൊണ്ട് കഴിഞ്ഞ 10 ആഴ്ചകളോളമായി തികഞ്ഞ അച്ചടക്കത്തോടും ദിശാബോധത്തോടും കൂടി സംഘടിപ്പിക്കപ്പെട്ട ലോക കേരളസഭ യുകെ_യൂറോപ്പ് മേഖല സമ്മേളനം ഒരു ചരിത്ര വിജയമായി. ബ്രിട്ടനിലെയും യൂറോപ്പിലേയും ദശകങ്ങൾ ചരിത്രമുള്ള മലയാളീ സമൂഹത്തിന്റെ കുടിയേറ്റവും നവകേരള സൃഷിടിക്കായി മലയാളികളുടെ ആശയ സമുന്നയവും യൂറോപ്പിലേയും യുകെയിലെയും വികസന കാഴ്ചപ്പാടുകൾ നമ്മുടെ കൊച്ചു കേരളത്തിനുപകരിക്കുന്ന തലത്തിലുള്ള ദിശാ ബോധവും ലോക കേരള സഭ മേഖല സമ്മേളനം ചർച്ച ചെയ്ത് ഈ മേഖല സമ്മേളനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഏവർക്കും അവസരം ലഭിച്ചു.

നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ ,നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ.എ.എസ് എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.
മേഖല സമ്മേളനം നിയന്ത്രിച്ചത് സമ്മേളന പ്രതിനിധികളിൽ നിന്നും തിരഞ്ഞെടുത്ത പ്രസീഡിയം ആയിരുന്നു. പ്രതിനിധി സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും പൊതുസമ്മേളനത്തിൽ ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും സ്വാഗതമാശംസിച്ചു . യു കെയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു മേഖല സമ്മേളനം നടത്താൻ കഴിഞ്ഞതിലെ സന്തോഷവും ചീഫ് കോഓർഡിനേറ്റർ എസ്. ശ്രീകുമാർ സദസ്സുമായി പങ്കുവെച്ചു.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുത്ത ‘കേളീരവം’ എന്ന ഹൃദ്യമായ കലാപാരിപാടികളും തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അരങ്ങേറി.

വളരെ ചുരുങ്ങിയ സമയം കൊണ്ട് യുകെ യിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കരിക പ്രവാസി സംഘടനകളെ ഒരുമിച്ചു കൊണ്ടുവന്നു ഈ ലോക കേരളസഭ മേഖല സമ്മേളനം ഒരു വമ്പിച്ച വിജയം ആക്കിമാറ്റിയ യുകെയിലെ മലയാളീ സമൂഹത്തിന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ ബിജുപെരിങ്ങത്തറ, പി. ആർ. ഒ. ജയൻ എടപ്പാൾ, മറ്റു സബ് കമ്മിറ്റി കൺവീനർമാർ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ നന്ദി അറിയിച്ചു.