ന്യൂഡല്‍ഹി: ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു ഒറ്റയാന്‍ ആക്രമണമായിരിക്കുമെന്നാണ് സൂചന.

നേരത്തെ അറസ്റ്റിലായ രണ്ട് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഈ സൂചനകള്‍ ലഭിച്ചത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ജനപ്രീതിയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റാലിയാകും ഭീകരര്‍ ഉന്നം വയ്ക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും റോഡ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഭീകരവാദ ഭീഷണിയുള്ളതിനാലാണെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞിരുന്നില്ല. എന്നാല്‍, വിലക്കേര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഒരു സംഘടനയുടേയും പിന്തുണയുമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെയാണ് ‘ലോണ്‍ വൂള്‍ഫ്’ എന്ന് പറയുന്നത്. നവബറില്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായ ഉറോസ് ഘാനാണ് ഇത്തരത്തില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തിലുള്ള രണ്ട് ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് ആയുദ്ധങ്ങളും സ്‌ഫോടകവസ്തുക്കളും കൈമാറിയതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.

മറ്റൊരു ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഉബൈദ് മിശ്രയും സമാനമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇയാളാണ് ഗുജറാത്തിലെ റോഡ് ഷോ ലക്ഷ്യം വയ്ക്കുന്നതായി മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.