ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് വെയിൽസ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ എൻജിൻ പണിമുടക്കി കടലിൽ കുടുങ്ങി. പോർട്സ്മൗത് നാവിക താവളത്തിൽനിന്ന് നിർണായക പരീക്ഷണ യാത്രക്കായി പുറപ്പെട്ട് ഏറെ ദൂരം പിന്നിടുംമുമ്പാണ് പ്രശ്നമായത്.

300 കോടി പൗണ്ട് (28,108 കോടി രൂപ) ചെലവിൽ നിർമിച്ച കപ്പൽ കഴിഞ്ഞ വർഷമാണ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമായത്. നിലച്ചുപോയതിനെ തുടർന്ന് വെയ്റ്റ് ദ്വീപിൽ അടുപ്പിച്ച് പരിശോധന തുടരുകയാണ്. സ്റ്റാർബോർഡ് പ്രൊപലർ ഷാഫ്റ്റിന് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ.

എഫ്35 ലൈറ്റ്നിങ്സ് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റുമായാണ് കപ്പൽ പുറപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് ഫ്യൂച്ചർ ഫോറത്തിന്റെ ആതിഥേയത്വവും ലക്ഷ്യമിട്ടിരുന്നു.