മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.

1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.

ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.

കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്