ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കേരളത്തിൽ ഇതൊരു ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇതിൽ പ്രണയമെന്ന വാക്ക് കൂട്ടിയോജിപ്പിക്കാൻ കഴിയുകയുമില്ല. യാതൊരു സംശയവുമില്ലാതെ പറയാം, മനുഷ്യ മനഃസാക്ഷിയെ മുറിവേല്പിക്കുന്ന ക്രൂരമായ കൊലപാതകമാണിത്. ഒരു വീടിന്റെ ഭാവി പ്രതീക്ഷയായിരുന്ന, നിരാലംബയായ അമ്മയ്ക്ക് താങ്ങും തണലുമായിരുന്ന നിതിന മോൾ (22) അതിനിരയാകുമ്പോൾ നാം ഭയപ്പെടേണ്ടതുണ്ട്, വളർന്നു വരുന്ന തലമുറയെ ഓർത്തു ആകുലപ്പെടേണ്ടതുണ്ട്. ഓരോ ക്രൂരതയ്ക്ക് പിന്നാലെ ഉണ്ടാകുന്ന ചർച്ചകളുടെയും സംവാദങ്ങളുടെയും ആയുസ്സ് ഒന്നോ രണ്ടോ ദിവസം മാത്രമാണ്. അതിനുശേഷം നമ്മൾ നിതിനയെയും മറക്കും. മാനസയെയും കവിതയെയും ശാരികയെയും ദേവികയെയും മറന്നതുപോലെ..

 

കോ​ട്ട​യം എ​സ്.​എം.​ഇ കോ​ള​ജി​ൽ ഹ​രി​പ്പാ​ട്​ സ്വ​ദേ​ശി​നി ല​ക്ഷ്​​മിയെ (21) പൂ​ർ​വ​വി​ദ്യാ​ർ​ഥി ആ​ദ​ർ​ശ്​ പെ​​ട്രോ​ൾ ഒഴി​ച്ച്​ കൊ​ല​പ്പെ​ടുത്തിയത് 2017ലാണ്. 2019 മാർച്ചിൽ തിരുവല്ല നഗരമധ്യത്തിൽ വച്ച് കോളേജിലേക്ക് പോയ ക​വി​ത വി​ജ​യ​കു​മാ​റി​നെ, അജിൻ കുത്തിപരിക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. 2019 ഏപ്രിലിൽ തന്നെ മറ്റൊരു അരുംകൊല; തൃ​ശൂ​ർ ചി​യ്യാ​ര​ത്ത്​ എ​ൻജി​നീ​യ​റി​ങ്​ കോ​ള​ജ്​ വിദ്യാ​ർ​ഥി​നി നീതുവിനെ വടക്കേക്കാ​ട്​ സ്വ​ദേ​ശി നിധീ​ഷ്​ വീ​ട്ടി​ലെ​ത്തി പെട്രോ​ൾ ഒ​ഴിച്ചു കത്തിച്ചു. ജൂണിൽ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ സഹപ്രവർത്തകൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ജൂലൈയിൽ പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി ശാ​രി​ക​യെ (17) അകന്നബന്ധു വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. 2019 ഒക്ടോബറിൽ കാ​ക്ക​നാ​ട്​​ പ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യെ (17) അർധരാ​​​ത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി പ​റ​വൂ​ർ സ്വ​ദേ​ശി മി​ഥു​ൻ കൊലപ്പെടുത്തി. 2021 ജൂൺ 17ന് പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ സഹപാഠി വിനീഷ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. ദൃശ്യയുടെ ശരീരത്തിൽ ആഴത്തിലുള്ള 22 മുറിവുകൾ. 2021 ജൂ​ലൈ 30ന് കോതമംഗലത്ത്​ ഇ​ന്ദി​രാ ഗാ​ന്ധി ഡെന്റൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​സി വി​ദ്യാ​ർ​ഥി​നി കണ്ണൂ​ർ സ്വ​ദേ​ശി​നി മാനസ​യെ (24) സുഹൃത്ത്​ ര​ഖി​ൽ വെ​ടി​വെ​ച്ചു​കൊ​ന്നു. ഇന്നിതാ ഇവരുടെ പട്ടികയിലേക്ക് നിതിനയും ചേർക്കപ്പെടുന്നു.

 

പ്രണയം നിരസിച്ചത് മൂലമുള്ള കൊലപാതകങ്ങൾ എന്നുപറയുമ്പോഴും ഇവയിലെല്ലാം ആഴത്തിൽ വേരൂന്നിയിരിക്കുന്നത് സ്ത്രീവിരുദ്ധതയും പുരുഷന്റെ സ്വാർത്ഥബോധവുമാണ്. സ്ത്രീ തനിക്ക് വേണ്ടിയുള്ള ഒരു ഉത്പന്നം മാത്രമാണെന്ന് കരുതുന്നവരാണ് ഇത്തരം അരുംകൊലകൾക്ക് മുതിരുക. ഓരോ കൊലപാതകത്തിന് ശേഷവും സർക്കാരിനെതിരെയും സുരക്ഷാസംവിധാനങ്ങൾക്കെതിരെയും തിരിയുമ്പോൾ നാം സ്വന്തം വീട്ടിലേക്ക് കണ്ണോടിക്കാൻ മറക്കുന്നു. ലോക്ക്ഡൗണിൽ ആൺകുട്ടികളിൽ സ്വാർത്ഥതാബോധം വളർന്നുവെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ അഭിപ്രായത്തെ കുറച്ചുകണ്ടുകൂടാ.

ദമ്പതികൾക്കിടയിൽ മാത്രമല്ല, ഏതു ബന്ധവും വിഷലിപ്തമാകാവുന്ന (toxic) കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന കലിപ്പൻ – കാന്താരി പ്രണയത്തിൽ തുടങ്ങുന്നു പ്രണയബന്ധങ്ങളുടെ അധഃപതനം. വിഷലിപ്തമായ ബന്ധങ്ങൾ നമ്മുടെ ഊർജ്ജത്തെയും സമയത്തെയും അപഹരിക്കുന്നു, നമ്മുടെ സ്വത്വത്തെ നിഷേധിക്കുന്നു. പെണ്ണ് ‘നോ’ പറഞ്ഞാൽ ആണത്വത്തിന്റെ മേൽ വന്നുപതിക്കുന്ന ‘അപമാന’മാണ് കത്തിയിലേക്കും തോക്കിലേക്കും നീളുന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കുള്ളിൽ തന്നെ ബോധവത്കരണവും കൗൺസിലിങ്ങും ആരംഭിക്കണം. എ പ്ലസ് നേടാൻ മാത്രമല്ല, മനുഷ്യത്വമുള്ളവരായി ജീവിക്കാൻ വിദ്യാർത്ഥിളെ പ്രാപ്തരാക്കുന്നതാവണം വിദ്യാഭ്യാസം. കുടുംബബന്ധം കൂടുതൽ ദൃഢമാകണം. മാതാപിതാക്കളും മക്കളും തമ്മിൽ എപ്പോഴും ഒരാത്മബന്ധം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. പ്രണയത്തിന്റെ അവസാന വാക്ക് ആത്മഹത്യയും കൊലപാതകവും അല്ലെന്നും ബന്ധങ്ങളിൽ ജീവിതം ഹോമിച്ച് കഴിയേണ്ടതില്ലെന്നും വേർപിരിയൽ എന്നത് ജീവിതത്തിന്റെ പൂർണ്ണവിരാമം അല്ലെന്നും യുവസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രണയിക്കാനും പ്രണയിക്കാതിരിക്കാനുമുള്ള വ്യക്തിയുടെ അവകാശത്തിന് നൽകണം പ്രഥമ പരിഗണന. അതോടൊപ്പം കഴുത്തറക്കാൻ കൈനീളുന്ന ആണത്വത്തിന്റെ ചിന്താരീതികളും പെരുമാറ്റങ്ങളും മാറിയേ മതിയാകൂ.