മലയാളം യു കെ ന്യൂസ് ടീം.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന യുക്മയ്ക്കും അതിൻ്റെ ഭാരവാഹികൾക്കുമായി യുകെയിൽ മുൻനിരയിൽ നിൽക്കുന്ന ഓൺലൈൻ മാധ്യമം  മലയാളം യുകെ ന്യൂസ് എഴുതുന്ന തുറന്ന കത്ത്.

പന്ത്രണ്ടാമത് യുക്മ കലാമേളയ്ക്ക് ഡിസംബർ പതിനെട്ടിന് തിരിതെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുക്മയുടെ മുഖപത്രത്തിൽ യുക്മയുടെ ഭാരവാഹികൾ എഴുതിവിട്ട ന്യൂസിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

“ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലടിച്ച് നിന്ന കാലഘട്ടത്തിൽപ്പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോജിതമായി ഇടപ്പെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന പ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലാണ് യുക്മ കലാമേളകൾ. ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ചത്”.

പ്രവാസി മലയാളികൾക്ക് ഇത്രയേറെ പ്രത്യാശയും ധൈര്യവും നൽകുന്ന ഒരു പ്രസ്ഥാവന ഇതിന് മുമ്പ് മറ്റൊരു പ്രവാസി മലയാളി സംഘടനകളിൽ നിന്നും യുകെ മലയാളി സമൂഹം കേൾക്കുവാനിടയായിട്ടില്ല എന്ന നഗ്നസത്യം യുക്മ ഭാരവാഹികൾ തിരിച്ചറിയണം. ഈ അവസരത്തിൽ കാരുണ്യത്തിനായി കേഴുന്ന ഒരു പ്രവാസി മലയാളി കുടുംബത്തിൻ്റെ കണ്ണീരിൽ കുതിർന്ന കഥ ഞങ്ങൾ നിങ്ങളുടെ മുമ്പിലവതരിപ്പിക്കുകയാണ്.

ഒക്ടോബർ 5, 2021. ആഗോള മലയാളികൾ ആഘോഷമാക്കിയ ആകാശ പ്രസവം നടന്ന ദിവസം. സുഖപ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ മലയാളി കുടുംബം. യാത്രാമദ്ധ്യേ, ജെർമ്മനിക്ക് മുകളിൽ ഏകദേശം മുപ്പതിനായിരം അടിക്കു മുകളിൽ ഏയർ ഇന്ത്യാ വിമാനത്തിൽ മലയാളികളായ ആരോഗ്യ പ്രവർത്തകരുടെയും വിമാന ജോലിക്കാരുടെയും സമയോന്വിതമായ ഇടപെടലിലൂടെ അവർക്ക് ഒരു കുഞ്ഞു പിറന്നു. വിമാനത്തിലുള്ള പരിമിതമായ സൗകര്യം പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവന് അപകടമാകും എന്നതുകൊണ്ട് അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഏയർപോർട്ടിലിറക്കി. തുടർന്ന് അമ്മയേയും കുഞ്ഞിനേയും പിതാവിനൊപ്പം അടുത്തുള്ള ഒരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റി വിമാനം വീണ്ടും കൊച്ചിയിലേയ്ക്ക് പറന്നു. ചൂടുള്ള വാർത്തയായി ലോക മാധ്യമങ്ങൾ അതാഘോഷിച്ചു.

പിന്നീട് സംഭവിച്ചതെന്ത്?
ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും.
യുകെയിലേയ്ക്ക് തിരിച്ചു വരാനുള്ള ശ്രമം നടക്കുകയാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വിമാനയാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ നിർവ്വാഹമില്ല. യുകെയിലേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്താനാണ് അവർ ശ്രമിക്കുന്നത്.
വേണ്ടെത്ര ശുശ്രൂഷ കിട്ടാതെ പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ഒരു വശത്ത് കിണഞ്ഞു പരിശ്രമിക്കുമ്പോൾ മറുവശത്ത് വിസയില്ലാതെ താമസിക്കാനൊരു ഇടം തേടി ചികിത്സാ ചിലവുകൾക്കും ഭക്ഷണത്തിനും നിയ്മ പരമായ കാര്യങ്ങൾക്കും മറ്റും പണമില്ലാതെ വിഷമിക്കുകയാണവിരിപ്പോൾ. ആശുപത്രി ചിലവുകൾക്ക് NHSസഹായം ചെയ്തെങ്കിലും ഇനി മുന്നോട്ടുള്ള കാര്യങ്ങളാണ് കൂടുതൽ സങ്കീർണ്ണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായമഭ്യർത്ഥിച്ച് മലയാളം യുകെ ന്യൂസ് വാർത്ത കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ ചില സഹായങ്ങളുമായി കുറെയാളുകൾ രംഗത്ത് വന്നെങ്കിലും അവരുടെ ആവശ്യത്തിന് മുമ്പിൽ അത് ഒന്നിന്നും പര്യാപ്തമാവുന്നില്ല.

ആറാം മാസത്തിൽ ആദ്യ കുട്ടി നഷ്ടപ്പെട്ടവരാണിവർ. കോവിഡ് കാലത്ത് സുരക്ഷിതത്വം മുൻനിർത്തി നേരത്തേ നാട്ടിലേയ്ക്ക് യാത്ര ചെയ്ത അവസരത്തിലാണ് ഈ ദുരന്തം അവരെ പിടികൂടിയത്. വിമാന കമ്പനികൾ നേരത്തേ തന്നെ അവരെ കൈവിട്ടിരുന്നു. ഇനി അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി യുകെയിൽ എത്തിക്കേണ്ട ധാർമ്മീകമായ ഉത്തരവാദിത്വം പ്രവാസികളായ നമുക്ക് ഓരോരുത്തർക്കുമില്ലേ??

ഇത്രയും അപകടകരമായി ആ കുടുംബത്തിൻ്റെ അവസ്ഥ തുടരുമ്പോൾ യുക്മ ഭാരവാഹികളോടായി ജനപക്ഷത്ത് നിന്ന് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

യുകെയിലെ പ്രവാസി മലയാളികളുടെ കണ്ണീരൊപ്പാൻ യുക്മ എന്നും തുണയായി നിൽക്കുമെന്നവകാശപ്പെടുമ്പോൾ, സംഭവം നടന്ന് മൂന്നു മാസമായിട്ടും ഒരു ചെറുവിരലനക്കാൻ യുക്മയ്ക്ക് കഴിയാതെ പോയതെന്തുകൊണ്ട്? കുറഞ്ഞത് ഈ സംഭവത്തെക്കുറിച്ചൊന്നന്വേഷിക്കാൻ പോലും യുക്മ മുതിരാതിരുന്നത് എന്തുകൊണ്ട്??

യുക്മയുടെ കരുത്തുറ്റ പോഷക സംഘടനയായ നെഴ്സ്സസ് ഫോറം ഇക്കാര്യത്തിന് വേണ്ടി എന്തു ചെയ്തു? ഈ കുഞ്ഞിൻ്റെ അമ്മയും ഒരു നെഴ്സല്ലേ?? അടിയന്തിര ഘട്ടങ്ങളിൽ കുറഞ്ഞത് നെഴ്സുമാർക്ക് പോലും പ്രയോജനകരമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ നെഴ്സസ് ഫോറം എന്ന സംഘടനയുടെ ആവശ്യമെന്ത്?

യുകെയിലാകമാനമായി ചെറുതും വലുതുമായി നൂറിലധികം മലയാളി അസ്സോസിയേഷനുകൾ യുക്മയുടെ കീഴിലുണ്ട്. നിങ്ങൾ ഭാരവാഹികൾ ഈ അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് ഒരമ്പത് പൗണ്ടെങ്കിലും ഒരസ്സോസിയേഷനിൽ നിന്ന് സംഭാവനയായി സ്വീകരിക്കാമായിരുന്നില്ലേ? അതു തന്നെ ഒരു വലിയ തുകയായി മാറുമായിരുന്നില്ലേ??

യുക്മയുടെ ഭരണം പിടിക്കാൻ, പനി പിടിച്ച് രോഗാവസ്ഥയിൽ കിടന്നവരെ ദൂരദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ മറ്റും എത്തിച്ച് വോട്ട് ചെയ്യിപ്പിച്ച ചരിത്രവും നിലവിലെ യുക്മ ഭാരവാഹികൾക്കുണ്ടല്ലോ! ഈ ആത്മാർത്ഥത സഹായം അർഹിക്കുന്നവരുടെ കാര്യത്തിൽഎന്ത് കൊണ്ട് നിങ്ങൾ പ്രകടിപ്പിക്കുന്നില്ല?

ഈ സംഭവത്തെക്കുറിച്ചറിഞ്ഞില്ല എന്ന് പറഞ്ഞ് യുക്മ ഭാരവാഹികൾക്ക് ഒരിക്കലും ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. സംഭവം നടന്ന ഒക്ടോബർ 5 ന് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ്. പിന്നീട് ഈ സംഭവത്തിൻ്റെ നിജസ്ഥിതികൾ പ്രവാസി മലയാളികളെ അറിയ്ച്ചു കൊണ്ട് ഞങ്ങൾ മലയാളം യുകെ ന്യൂസ് തുടർ വാർത്തകൾ കൊടുത്തിരുന്നു. ( താഴെയുള്ള ലിങ്ക് കാണുക) അതിൻ്റെ വെളിച്ചത്തിൽ ചില നല്ല മനസ്സുകളുടെ സഹായം ഇവർക്ക് ലഭിക്കുകയും ചെയ്തിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്ത് കൊണ്ട് ഈ വിഷയത്തിൽ ഇടപെട്ടില്ല? യുകെയിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് 2500 പൗണ്ട് വീതം യുക്മയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും കൊടുത്തിരുന്നു. നല്ല കാര്യം. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസരത്തിലല്ലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടത്?

യുക്മ കലാമേളകളും, യുക്മ വള്ളംകളിയും കേരള പൂരവും, സ്പോട്സ് മേളകളും എല്ലാം ആധുനിക തലമുറയ്ക്ക് ആവശ്യമാണ്. വെറും ആഘോഷങ്ങളായി ഇതൊക്കെ നടത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി  സംഘടനയുടെ തലപ്പത്തിരിക്കുന്ന ഭാരവാഹികളെ നിങ്ങളൊന്നോർക്കണം. നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കപ്പെടുന്നുണ്ടോ??

കോട്ടും സൂട്ടുമണിഞ്ഞ് യുകെയുടെ മുക്കിലും മൂലയിലുമുള്ള എല്ലാ അസ്സോസിയേഷനിലും പോയി നിറ ഭംഗിയാർന്ന സ്റ്റേജുകളിൽ നിന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിച്ചും സ്വന്തം കൂടപ്പിറപ്പുകളുടെ പേരിൽ എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്തും അതിൻ്റെ ചിത്രങ്ങളെടുത്തും എടുപ്പിച്ചും സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിപ്പിച്ച് കൈയ്യടി വാങ്ങുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽപ്പെട്ട സെലിബ്രെറ്റികളോടൊപ്പം തോളിൽ കൈയ്യിട്ടു പുഞ്ചിരിച്ചു നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ ഇവിടെ ആർക്കും ആവശ്യമില്ല.  ഭാരവാഹികളായ നിങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനപ്പുറം ഒരു സാധാരണ പ്രവാസി മലയാളിക്ക് അതു കൊണ്ട് എന്താണ് ഗുണം?
നിങ്ങൾ ജനപ്രതിനിധികളാണ്. ആ ബോധം ആദ്യം നിങ്ങൾക്കുണ്ടാകണം. എങ്കിലേ നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത പ്രതിജ്ഞ പാലിക്കാൻ സാധിക്കുകയുള്ളൂ.

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് സംഘടിപ്പിക്കുന്നു എന്ന് വാ തോരാതെ പ്രസംഗിക്കുന്നു.  കലാമേളകൾ ഏതു വിധത്തിലാണ് വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്??

കോവിഡ് രാജ്യത്തെ കാർന്ന് തിന്നുമ്പേൾ മുൻതൂക്കം കൊടുക്കേണ്ടത് മനുഷ്യൻ്റെ ജീവനോ അതോ ആഘോഷങ്ങൾക്കോ? യുക്മയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവാസി മലയാളികളുടെ ജീവന് സംരക്ഷണം നൽകാൻ അതിൻ്റെ ഭാരവാഹികളെ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ യുക്മ എന്ന പ്രവാസി മലയാളി ദേശീയ സംഘടനയുടെ ആവശ്യം എന്താണ്?

ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന കുടുംബത്തിൻ്റെ പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടണമെന്ന് ജനപക്ഷത്ത് നിന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിക്കുമ്പോൾ യുകെയിലെ നിലവിലുള്ള ഓരോ പ്രവാസി കുടുംബങ്ങളും പുതുതായി എത്തുന്നവരും എന്നും നിങ്ങളോടൊപ്പമുണ്ടാകും. അതല്ലാതെ  കോട്ടും സൂട്ടുമിട്ട് വെള്ളിവെളിച്ചത്തിൽ തിളങ്ങാനാണ് ഇനിയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. അവർ നിങ്ങളെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

Related News

എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്…   

യുകെയിൽ നഴ്‌സായ സിമിയുടെയും കുടുംബത്തിന്റെയും ഫ്രാങ്ക്ഫർട്ടിലെ അവസ്ഥ മനസ്സിലാക്കി വിസ ഫീയും പ്രോസസ്സിംഗ് ഫീയും ഒഴിവാക്കി ഫ്രാൻസിസ് മാത്യുവും  ലോ ആൻഡ് ലോയേഴ്‌സ് എന്ന സ്ഥാപനവും… ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്…