കണ്ണൂർ: നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് പിരിവെടുത്ത് സൗദി അറേബ്യയിലെ ജയിലിൽനിന്ന് മോചിപ്പിച്ചയാളെ രാസലഹരി വിൽപനക്കേസിൽ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ടി. ഫസലുദ്ദീൻ (44) ആണ് പിടിയിലായത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയെന്നാണ് കേസ്. സംസ്ഥാനാന്തര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം.
2006ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരും പ്രവാസി മലയാളികളും സന്നദ്ധ സംഘടനകളും ചേർന്ന് മോചനദ്രവ്യം സമാഹരിക്കുകയും രാഷ്ട്രീയ ഇടപെടലുകളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കുകയുമായിരുന്നു.
എംഡിഎംഎ കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഫോൺവിളി രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച അന്വേഷണത്തിൽ ബെംഗളൂരുവിൽനിന്ന് പലതവണ മെത്താംഫെറ്റമിൻ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. 2023ൽ കഞ്ചാവ് വിൽപനക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്ന ഇയാൾ ജയിൽമോചനത്തിനുശേഷം ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച് അതിന്റെ മറവിൽ ലഹരിവിൽപന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











Leave a Reply