കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രഖിൽ തലശേരി സ്വദേശിയാണ്. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം.