ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മതസൗഹാർദത്തിന്റെയും മാനുഷിക സാഹോദര്യത്തിന്റെയും അപൂർവ്വ നിമിഷങ്ങൾക്കാണ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ വേദിയായത്. മാഞ്ചസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . ഇഫ്താർ വിരുന്നിനൊപ്പം ചരിത്രത്തിൽ ആദ്യമായി കത്തീഡ്രലിൽ ബാങ്ക് വിളി ഉയരുകയും ചെയ്തു.

മാർച്ച് 29-ാം തീയതി ബുധനാഴ്ചയാണ് കത്തീഡ്രൽ പള്ളിയിൽ ഇഫ്താർ സംഗമം നടന്നത്. യുകെയിലെ ഓപ്പൺ ഇഫ്താർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബാങ്ക് വിളിക്കുന്നതിന്റെയും ഇഫ്താർ വിരുന്നിന്റെയും ദൃശ്യങ്ങൾ സംഘാടകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകൾ വിവിധ വിശ്വാസികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കും അതുവഴി കൂടുതൽ മികച്ച ഒരു ലോകത്തേയ്ക്കും നമ്മെ നയിക്കുമെന്ന് കത്തീഡ്രലിന്റെ ചുമതലക്കാരനായ മാഞ്ചസ്റ്റർ ഡീൻ റോജേഴ്സ് പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരും ഇംഗ്ലീഷ് വംശജരുടെ ഒപ്പം കത്തീഡ്രലിൽ എത്തിച്ചേർന്നിരുന്നു. ബ്രിട്ടീഷ് പാരമ്പര്യത്തിലും വാസ്തുവിദ്യയിലും സമ്പന്നമായ മാഞ്ചസ്റ്റർ കത്തീഡ്രൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് പകർന്നു നൽകിയത് അനിർവചനീയമായ അനുഭൂതിയായിരുന്നു. ഇഫ്താർ വിരുന്നിന് അതിഥികൾക്കിരിക്കാൻ പള്ളിയിലെ പീഠങ്ങൾ നീക്കം ചെയ്തിരുന്നു.