പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും എന്‍സിപിയും താനും നിലവില്‍ എല്‍ഡിഎഫില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്നാണ് പിജെ ജോസഫ് പറഞ്ഞത്. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചേക്കുമെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക തലത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പന്‍ ക്യാമ്പും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുത്തതിന് പകരമായി എല്‍ഡിഎഫില്‍ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.