കോട്ടയം ∙ കുടുംബാംഗങ്ങളുടെ വേർപാടിന്റെ വേദനകൾക്കിടയിലും കൈത്താങ്ങ് ആകേണ്ടവരുടെ അവഗണനയാണ് ബിപിൻ ലാലിനെ കണ്ണീരിലാഴ്ത്തുന്നത്. അർഹമായ ആശ്രിത നിയമനത്തിനായി ‌ബിപിൽ ലാൽ (30) കഴിഞ്ഞ 5 വർഷമായി സർക്കാരിന്റെയും ജനപ്രതിനിധികളുടെ കാരുണ്യത്തിനായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. പാറമ്പുഴ കൂട്ടക്കൊലക്കേസിൽ കുടുംബത്തിൽ അവശേഷിച്ച ഏക അംഗമാണ് ബിപിൽ ലാൽ. ഇങ്ങനെ 213 പേരാണ് സമാന വിധത്തിൽ ആശ്രിതനിയമനം കാത്തു കഴിയുന്നത്. ഓരോ പിൻവാതിൽ നിയമനങ്ങൾ കേൾക്കുമ്പോഴും മനസ്സ് അറിയാതെ വിങ്ങും. അർഹതപ്പെട്ട ആശ്രിത നിയമനത്തിന് എന്നെങ്കിലും വിളി എത്തുമെന്നതാണ് ബിപിന്റെ പ്രതീക്ഷ. അച്ഛനും ചേട്ടനും തുടങ്ങിവച്ച ഡ്രൈക്ലീനിങ് സ്ഥാപനം ചെറിയ രീതിയിലും നടത്തി കൊണ്ടു പോകുന്നു.

2015 മേയ് 16 ന് ഡ്രൈക്ലീനിങ് സ്ഥാപന ഉടമ ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്. വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി. പിന്നീട് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.

ബിരുദധാരിയാണ് വിപിൻ ലാൽ. പ്രവീൺ ലാലും അച്ഛൻ ലാലസനും ചേർന്ന് ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട്ടിൽ ഡ്രൈക്ലീനിങ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രവർത്തനം ആരംഭിക്കാനായില്ല. പിന്നീടാണ് താൽക്കാലികമായി ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. ഈ സമയത്താണ് കുടുംബത്തെ ഇല്ലാതാക്കിയ ദുരന്തം സംഭവിച്ചത്. തുടർന്ന് ഡ്രൈക്ലിനിങ് സ്ഥാപനം ഏറ്റെടുത്തെങ്കിലും കടുത്ത കടബാധ്യതകൾ ഒരോ ദിവസവും കൂടികൂടി വന്നു. സ്ഥാപനം തുടങ്ങാനാനായി എടുത്ത വായ്പകൾ കുമിഞ്ഞു കൂടി. ഇതിനിടെ പ്രസന്നയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ മുഴുവൻ ബാങ്കിൽ അടച്ചിട്ടും കടം ബാക്കിയായി.

2017 ൽ ‌കമ്പാഷനെറ്റ് എംപ്ലോയീസ്, അസോസിയേഷൻ ഓഫ് കേരള എന്ന സംഘടനയുടെ പരാതിയെ തുടർന്ന് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ആരോഗ്യ വകുപ്പിലെ ആശ്രിത നിയമനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന ക്രമക്കേടിനെ പറ്റി വളരെ പ്രതിപാദിച്ചിരുന്നു. ഈ പട്ടികയിൽ പ്രായം കണക്കിലെടുത്തു മുകളിലുണ്ടായിരുന്ന എറണാകുളം സ്വദേശിനിയ്ക്ക് നിയമനം കിട്ടിയതാകട്ടെ 47–ാം വയസ്സിലായിരുന്നു.

ആശ്രിത നിയമന പദ്ധതിയിൽ ഉൾപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സ്വകാര്യ മേഖലയിൽ ഉത്തരവാദിത്തപ്പെട്ട ഒരു തസ്തികയിൽ നിയമിക്കപ്പെടാനുള്ള സാഹചര്യം നഷ്ടമാകുന്നു. സ്വയം തൊഴിൽ ചെയ്യുന്നതിന് വായ്‌പകൾ പോലും നിഷേധിക്കപ്പെടുന്നു. നിയമനം കാത്തിരിക്കുന്നതിനാൽ വിദേശത്ത് തൊഴിലിന് പോകാനും സാധിക്കില്ലെന്ന് ബിപിൻ പറയുന്നു,

‘അടുത്ത ഒഴിവിൽ തന്നെ പരിഗണിക്കണം ’ എന്ന സുപ്രീം കോടതി വിധികൾ നിലനിൽക്കുമ്പോഴാണ് ആരോഗ്യവകുപ്പിലെ ആശ്രിത നിയമനം തേടുന്നവർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ ആരോഗ്യ വകുപ്പിൽ ഇത്തരം തസ്തികകൾ കുറവായതിനാൽ ഒഴിവുകൾ ഇല്ല എന്നാണ് അധികൃതരുടെ വാദം. അതേസമയം അടുത്തിടെ ഉണ്ടായ 200 ലധികം ഒഴിവുകൾ പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടയിൽ 800 ൽ കൂടുതൽ ഒഴിവുകൾ ആരോഗ്യ വകുപ്പിൽ നിന്ന് മാത്രം പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്.

ആശ്രിത നിയമനം നടത്തുന്നതിന് ഒരു വർഷം ഉണ്ടാകുന്ന ഒഴിവിന്റെ അഞ്ചു ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവയ്ക്കണമെന്നാണ് ചട്ടം. മറിച്ച് മാതൃ വകുപ്പിലെ അപേക്ഷകനാണെങ്കിൽ നിലവിലുള്ളതോ തൊട്ടടുത്ത വരുന്നതോ ആയ ഒഴിവിലേക്ക് തന്നെ പരിഗണിക്കണമെന്നും നിയമമുണ്ടെങ്കിലും അതൊന്നും തുണയാകുന്നില്ല. ഭരണ പരിഷ്കാര വകുപ്പിന്റെ 12/1999 ഉത്തരവ് പ്രകാരം മറ്റു വകുപ്പിലെ ഒഴിവിലേക്ക് നിയമനത്തിന് മാറ്റി അപേക്ഷിച്ചാൽ വീണ്ടും അഞ്ച് ശതമാനമായി അവസരം കുറയുമെന്നതിനാൽ ഇതിനായി മുതിരാനും ഞങ്ങൾക്ക് ധൈര്യമില്ല.

എല്ലാ രേഖകളും യോഗ്യതകളും വില്ലേജ് ഓഫിസർ മുതൽ ജില്ലാ കലക്ടറും വകുപ്പ് മേധാവിയും അടക്കമുള്ളവർ പരിശോധിച്ചാണ് ആശ്രിത നിയമന ഉദ്യോഗാർഥിയുടെ അപേക്ഷയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അപേക്ഷ നൽകി ആറാഴ്ചയ്ക്കുള്ളിൽ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ചട്ടമെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ട് ഒരു വർഷം വരെ സമയമെടുക്കുന്നു. ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ നിയമനം നൽകണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഞങ്ങൾക്ക് എട്ടും പത്തും വർഷം നോക്കിയിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

മരിച്ച ജീവനക്കാരുടെ കുടുംബത്തിന്റെ സ്ഥിതി കൂടി കണക്കിലെടുത്താണ് സാധാരണ ഇത്തരം നിയമനങ്ങൾ നടത്താറുള്ളത്. എന്നാൽ ഒറ്റ രാത്രി കൊണ്ട് അച്ഛനും അമ്മയും ജ്യേഷ്ഠനും നഷ്ടമായി അനാഥനായ ബിപിൻ ലാൽ ഇപ്പോഴും പ്രതീക്ഷയിലാണ്. കുടുംബം ഇല്ലാതായതിന്റെ ദുഃഖത്തിനൊപ്പം കടബാധ്യതകളിൽ നിന്ന് മോചനം വേണമെങ്കിൽ ഇനിയും ആശ്രിത നിയമനമാണ് ഏക സാധ്യത.