ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നൂറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തുന്ന ആദ്യ റെഫറി എന്ന നേട്ടം കൈവരിച്ച് ഇംഗ്ലിഷ് റഫറി മൈക്ക് ഡീന്. കഴിഞ്ഞ ദിവസം വോള്‍വറാംപ്ടനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകന്‍ ആഷ്‌ലി യങ്ങിന് ചുവപ്പുകാര്‍ഡ് കാണിച്ച ഡീന്‍ പുതിയ റെക്കോര്‍ഡിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡീന്‍ ചരിത്രത്തിലേക്ക് ചുവപ്പുകാര്‍ഡുയര്‍ത്തിയത്. വോള്‍വ്‌സിന്റെ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയെ യങ് ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. ഇത് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഡീന്‍ ഉയര്‍ത്തുന്ന പത്താം റെഡ് കാര്‍ഡാണ്. ഈ സീസണിലെ കണക്ക് പരിശോധിച്ചാല്‍ ആറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തിയ മൈക്കിള്‍ ഒളിവറാണ് ഡീന് പിന്നിലുള്ളത്.

2000-ന്റെ തുടക്കം മുതല്‍ തന്നെ പ്രീമയര്‍ ലീഗില്‍ സജീവമാണ് മൈക്ക് ഡീന്‍. റെഫറിയിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളിലും ഡീന്‍ പെട്ടിട്ടുണ്ട്. 2004-ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ഡീന്‍, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും റെഫറിയായിട്ടുണ്ട്.