ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ ജനവിധിക്കായി ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തും . പ്രാദേശിക ഭരണകൂടങ്ങൾ, മേയർമാർ, ദേശീയ പാർലമെന്റുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ് വിവിധ മേഖലകളിൽ നടക്കുന്നത്. രാവിലെ 7 മുതൽ രാത്രി 10 വരെ വോട്ടെടുപ്പ് നടക്കും. ഫലങ്ങൾ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ സർക്കാരിന്റെ ജനപിന്തുണ അളക്കാനുള്ള നിർണായക പരീക്ഷണമായും തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട് .

സ്കോട്ട് ലൻഡിൽ അധികാരത്തിലുള്ള സ്കോട്ടിഷ് നാഷണൽ പാർട്ടി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ ആവേശം ഉയർന്നിരിക്കുകയാണ്. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളെയും ഈ തെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞടുക്കും. ഇൻഡിപെൻഡൻസ് മൂവ്മെന്റിന് ജനങ്ങൾ നൽകുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, വെയിൽസിൽ 1999 മുതൽ തുടർച്ചയായി അധികാരത്തിലുള്ള ലേബർ പാർട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. വിപുലീകരിച്ച സെനഡ് പാർലമെന്റിലെ 92 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിൽ നിരവധി കൗൺസിലുകളിലേക്കും മേയർ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജ്യത്തെ രാഷ്ട്രീയ പ്രവണതകളെ ആകെ സ്വാധീനിക്കുന്ന ജനവിധിയായാണ് ഇതിനെ കാണുന്നത്.

ഇതിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി നിരവധി യുകെ മലയാളികളും ഇത്തവണ ജനവിധി തേടുന്നുണ്ട്. യുകെയിലെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക കൗൺസിലുകളിലേക്ക് മലയാളി സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികൾ സജീവ പ്രചാരണം നടത്തിയിരുന്നു. ആരോഗ്യരംഗം, വിദ്യാഭ്യാസം, കുടിയേറ്റ നയം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയാണ് പലരും വോട്ടർമാരെ സമീപിച്ചത്.