കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിക്കെതിരെ പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാകുംമുമ്പ് മിഷേലിനെ ഉപദ്രവിച്ചു എന്ന കുറ്റത്തിനാണു കേസെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈബ്രാഞ്ച് കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ക്രോണിന്‍ രണ്ടുവര്‍ഷമായി മിഷേലിനെ ഉപദ്രവിച്ചിരുന്നതായി ഇരുവരുടേയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ക്രൈംബ്രാഞ്ചിനു തെളിവു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പായ പോക്‌സോ ക്രോണിനെതിരെ ചുമത്തിയത്.
ഈ ജനുവരിയിലാണ് മിഷേലിനു 18 വയസ് പൂര്‍ത്തിയായത്. മിഷേലുമായി ക്രോണിന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം ഇയാള്‍ അന്വേഷണ സംഘത്തോടു നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മിഷേലിനെ ഉപദ്രവിച്ച കാര്യം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണു വ്യക്തമായത്. ഈ മാസം അഞ്ചിനാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നു കലൂര്‍ പള്ളിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ മിഷേലിനെ കാണാതാവുകയും പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മിഷേലിന്റെ ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് മരണത്തില്‍ ക്രോണിനു പങ്കുള്ളതായി പൊലീസിനു വ്യക്തമായത്. തുടര്‍ന്ന് ചത്തീസ്ഗഡില്‍ ജോലി ചെയ്തുവന്നിരുന്ന ക്രോണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.