കോണ്‍വാളിലെ പുഷ്പ കൃഷി ഫാമുകളില്‍ അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തി. മാനാക്കാനിലെ പിക്‌ച്ചേര്‍സ്‌ക്യുവിലെ ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയിഡിലാണ് അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തിയത്. അടിമപ്പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഈസ്റ്റേണ്‍ യൂറോപില്‍ നിന്നുള്ള പുരുഷന്‍മാരാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 41ഉം 61 ഉം വയസ്സുള്ള രണ്ട് പേരെ അടിമപ്പണിയെടുപ്പിച്ചുവെന്ന കുറ്റത്തിനും ഒരാളെ ജോലിയെടുപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചെന്ന കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റാരോപിതരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ലിത്യനിയ, റോമാനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ പുരുഷന്‍മാരാണെന്ന് കോണ്‍വെല്‍ പൊലീസ് വക്താവ് അറിയിച്ചു.

പൊലീസ് കണ്ടെത്തിയവരില്‍ 17 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 14 അംഗ സംഘത്തെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലേബര്‍ അഭ്യൂസ് അതോറിറ്റി, എച്ച്.എം.ആര്‍.സി, ഗ്യാഗ് മാസ്റ്റേഴ്‌സ്, ഇന്റര്‍പ്രട്ടേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇന്നലെ രാവിലെയായിരുന്നു റെയിഡ് നടത്തിയത്. ഈ ഫാം നടത്തുന്നത് പ്രദേശത്തെ ഒരു ലോക്കല്‍ കമ്പനിയാണ്. ഓരോ വര്‍ഷവും സീസണുകളില്‍ ഇത്തരം ഫാമുകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോലിക്കായി എത്തുന്നത്. വ്യാഴാഴ്ച നടന്ന റെയിഡില്‍ കണ്ടെത്തിയിട്ടുള്ളവരില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവരെ സംരക്ഷിക്കുമെന്ന് സാല്‍വേഷന്‍ ആര്‍മി മോഡേണ്‍ സ്ലേവറി യൂണിറ്റ് അംഗം കാതറ്യാന്‍ ടെയ്‌ലര്‍ വ്യക്തമാക്കി.

അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട മനുഷ്വത്വത്തില്‍ ഉള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നതിനാവിശ്യമായ സഹായങ്ങള്‍ ചെയ്യുകയും പുതിയ ജീവിതം തുടങ്ങാന്‍ അവരോടപ്പം ചേര്‍ന്നുനില്‍ക്കുകയും ചെയ്യുകയെന്നതാണ് സാല്‍വേഷന്‍ ആര്‍മിയുടെ ദൗത്യം. കൗണ്‍സിലിംഗ് കൂടാതെ നിയമ, ഇമിഗ്രഷന്‍ സഹായങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുഷ്പങ്ങളുടെ ഫാമുകളിലെ ജോലിക്കെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലും അടിമപ്പണി ചെയ്യേണ്ടി വരുന്നതായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ വീടുകളില്‍ അടിമവേല ചെയ്യേണ്ടി വരുന്നവരും ജോലിസ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകളുമുണ്ട്.