ലണ്ടന്‍: ലേബര്‍ ഭരണത്തേക്കാള്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് ടോറി ഭരണത്തിന്‍ കീഴിലായിരിക്കുമെന്ന് വോട്ടര്‍മാര്‍ കരുതുന്നതായി സര്‍വേ. കോംറെസ് പോളിലാണ് ഈ വിവരങ്ങള്‍ ലഭിത്തതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 80,000 പൗണ്ടിനു മേല്‍ വരുമാനമുള്ളവരുടെയും കമ്പനികളുടെയും നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന ലേബര്‍ പ്രകടന പത്രിക പുറത്തു വന്നതിനു പിന്നാലെയാണ് ഈ സര്‍വേ ഫലവും പുറത്തു വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നികുതി വര്‍ദ്ധനവ് കൊണ്ടുവരുന്ന പാര്‍ട്ടി എന്ന മുന്‍ പ്രതിച്ഛായയില്‍ നിന്ന് ലേബര്‍ രക്ഷപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്.

53 ശതമാനം വോട്ടര്‍മാരും ലേബര്‍ ഭരണത്തേക്കാള്‍ കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ കൂടുതല്‍ നികുതികള്‍ നല്‍കേണ്ടി വരുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ തെരേസ മേയ് അധികാരത്തില്‍ തിരിച്ചു വരണമെന്നാണ് 86 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. 14 ശതമാനം ആളുകള്‍ക്ക് മാത്രമേ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുള്ളൂ. നികുതിയേക്കുറിച്ചുള്ള ആശങ്കകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ ഇടയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവും സര്‍വേ പ്രവചിക്കുന്നുണ്ട്. 18 പോയിന്റ് അധിക ലീഡ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 144 അധിക സീറ്റുകള്‍ തെരേസ മേയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചേക്കും. 1983ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് ലഭിച്ച അതേ മുന്നേറ്റം തന്നെയായിരിക്കും തെരേസ മേയ്ക്കും ലഭിക്കുക. എന്നാല്‍ കഴിഞ്ഞയാഴ്ച നടത്തിയ സര്‍വേയില്‍ നിന്ന് 25 പോയിന്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിവ് ഉണ്ടായിട്ടുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ലേബര്‍ 30 ശതമാനത്തില്‍ എത്തി.