ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ്സിന്റെ ഒട്ടനവധി കെട്ടിടങ്ങൾ വളരെ പഴക്കമുള്ളതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 1948 ജൂലൈ 5-ാം തീയതിയാണ് യുകെയുടെ അഭിമാനമായ എൻഎച്ച്എസ് നിലവിൽ വന്നത്. ഏകദേശം 2000- ലധികം കെട്ടിടങ്ങൾ 1948 -ന് മുമ്പ് നിർമ്മിച്ചതാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതായത് ഒട്ടനവധി കെട്ടിടങ്ങൾ എൻ.എച്ച്എസിനെക്കാൾ പഴക്കമുള്ളവയാണ്. പഴക്കമുള്ള ദുർബലമായ കെട്ടിടങ്ങളിൽ ചികിത്സയ്ക്കായി വരുന്നത് ദശലക്ഷക്കണക്കിന് രോഗികളുടെ ജീവന് അപകടകരമാണെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്.

രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ദുർബലമായ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് എൻഎച്ച്എസ് മേധാവികൾ മന്ത്രിതലത്തിൽ ഒട്ടേറെ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇംഗ്ലണ്ടിലെ 211 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 34 എണ്ണത്തിലും കുറഞ്ഞത് നാലിലൊന്ന് കെട്ടിടങ്ങൾ എങ്കിലും എൻഎച്ച് സ്ഥാപിതമായ 1948 മുമ്പേ നിർമ്മിച്ചവയാണ്. പഴയ പല കെട്ടിടങ്ങളിലും ഇലക്ട്രിസിറ്റി, പ്ലംബിംഗ് സംവിധാനങ്ങൾ കാലോചിതമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല . സിങ്കുകളിൽ നിന്ന് വാർഡുകളിലേയ്ക്ക് മലിന ജലം ഒഴുകുന്നത് പഴയ പല കെട്ടിടങ്ങളും നേരിടുന്ന പ്രശ്നമാണ്. കഴിഞ്ഞയിടയ്ക്കാണ് തീവ്രപരിചന വാർഡിൻറെ സീലിംഗ് ഒരു രോഗിയുടെ മേൽ അടർന്ന് വീണത്. ലിഫ്റ്റ് വീണ് ഡോക്ടറുടെ കാൽ ഒടിഞ്ഞതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

2020 – ൽ ഇപ്പോഴത്തെ സർക്കാർ കെട്ടിട പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 40 പുതിയ ഹോസ്പിറ്റലുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാകില്ലന്ന് ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വാർഡുകൾ, ബ്രെസ്റ്റ് ക്ലിനിക്കുകൾ, മെറ്റേണിറ്റി യൂണിറ്റുകൾ, എ ആൻഡ് ഇ ഡിപ്പാർട്ട്‌മെൻ്റുകൾ, അടുക്കളകൾ എന്നിവിടങ്ങളിൽ പേൻ, ഈച്ച, എലി എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി മേധാവികൾക്ക് കീട നിയന്ത്രണത്തിനായി ദശലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടിവന്നുവെന്ന വാർത്ത അടുത്തയിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.