മ്യൂണിക്: നഗരത്തില്‍ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ ഒഴിപ്പിച്ചു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് നഗരത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ചാവേറുകളെ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കയും ഫ്രാന്‍സും ജര്‍മനിയെ അറിയിച്ചത്. പുതുവത്സരാഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഏഴോളം ചാവേറുകള്‍ ആക്രമണത്തിനൊരുങ്ങി എത്തിയതായും സൂചനയുണ്ട്.സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ രണ്ട് റെയില്‍വേസ്റ്റേഷനുകളും അടച്ചു.

550 സുരക്ഷാ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ആക്രമണത്തെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മ്യൂണിക്കില്‍ താമസിക്കുന്ന ഏഴോളം ഇറാഖികളാണ് ആക്രമണം നടത്തുകയെന്ന സൂചനയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ എവിടുത്ത് കാരാണെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വക്താവ് എലിസബത്ത് മാറ്റ് സിംഗര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വിവരവും ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞതോടെ സ്ഥിതി സാധാരണ നിലയിലായിട്ടുണ്ട്. രാവിലെ നാല് മണിയോടെ രണ്ട് സ്‌റ്റേഷനുകളും തുറന്നു. എന്നാല്‍ ഇവിടെ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. ആക്രമണ സാധ്യത അതീവ ഗൗരവത്തോട് കൂടിത്തന്നെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്യന്‍ നഗരങ്ങളില്‍ തീവ്രവാദിയാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു.