മല്‍സരിക്കുന്ന 27 ല്‍ 24 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്്ലീം ലീഗ്. കളമശേരിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ ഗഫൂര്‍ സ്ഥാനാര്‍ഥിയാകും. കെ.എം ഷാജി മണ്ഡലം മാറില്ല, അഴിക്കോട് തന്നെ മല്സരിക്കും. പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. താനൂരില്‍ പി.കെ ഫിറോസും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും ലീഗ് പട്ടികയിലെ യുവപ്രാതിനിധ്യമാകും.

പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും എം.കെ. മുനീര്‍ കൊടുവളളിയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും മല്‍സരിക്കും. കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യു.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കും. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി.അബ്ദുല്‍വഹാബുമാണ് സ്ഥാനാര്‍ഥികള്‍. ലീഗിന് അനുവദിച്ച പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര സീറ്റുകളില്‍ സ്ഥനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.