മലപ്പുറം: വിവാദ വൈറസ് പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം. യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് മാധ്യമങ്ങളെ അറിയിച്ചത്.

മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുകയാണ് യോഗിയുടെ ലക്ഷ്യം. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

മുസ്ലിം ലീഗെന്നത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ലെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നാണ് ആദിത്യനാഥ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞത്. 1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു.

ഇതേ ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നതെന്നും ലീഗിന്റെ പതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം ലീഗിന് പ്രാമുഖ്യമുള്ള വയനാട് മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. മുസ്ലീം ലീഗിന്റെ പച്ച നിറത്തിലുള്ള പതാക പാകിസ്ഥാന്‍ പതാകയാണെന്ന പ്രചാരണം പലയിടത്തും സംഘപരിവാര്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.