ലണ്ടന്‍: മൂവായിരം വര്‍ഷം മുമ്പുളള ബ്രിട്ടനിലെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്ന രേഖകള്‍ ഈസ്റ്റ് ആംഗ്ലിക്കയിലെ ഉദ്ഖനനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ജ്‌ഷെയറിലെ വിറ്റില്‍സിയ്ക്കടുത്ത് നടത്തിയ ഉദ്ഖനനത്തിലാണ് ചരിത്രാതീത കാലത്തെ ബ്രിട്ടനെക്കുറിച്ചുളള പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിരിക്കുന്നത്. വെങ്കലയുഗത്തിലെ പല കരകൗശല വസ്തുക്കളും യാതൊരു കേടുപാടുകളുമില്ലാതെ ഈ പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. വടക്കന്‍ യൂറോപ്പില്‍ നിന്ന് ലഭിച്ചിട്ടുളളതില്‍ വച്ചേറ്റവും മികച്ചതാണിവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
വളരെ മനോഹരമായി നെയ്‌തെടുത്ത വസ്ത്രങ്ങളടക്കമുളളവയും ഇക്കൂട്ടത്തിലുണ്ട്. തടിയില്‍ നിര്‍മിച്ച പാത്രങ്ങളും മണ്‍പാത്രങ്ങളും വെങ്കല ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്. ദൈനം ദിന ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന നൂറോളം വസ്തുക്കളാണ് ലഭിച്ചത്. ചില വീടുകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ നിര്‍മാണ രീതികളെക്കുറിച്ചും മനസിലാക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഗവേഷകരുടെ പക്ഷം. പൂര്‍ണമായും തടികൊണ്ടുണ്ടാക്കിയ വീടാണിത്. ഒമ്പത് മീറ്റര്‍ ചുറ്റളവിലുളള വീടിന്റെ ഏകദേശം പകുതിയോളം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ മേല്‍ക്കൂരയും ഭിത്തികളും തറയും എല്ലാം അതേ പടി നിലനില്‍ക്കുന്നു. നദിയില്‍ മുങ്ങിപ്പോയതിനാലാണ് അധികം കേടുപാടുകളില്ലാതെ ഈ വീട് ഇത്രയും കാലം നിലനിന്നത്. മുപ്പത് നൂറ്റാണ്ടോളം വെളളക്കെട്ടിനുളളിലായിരുന്നു ഈ വീടിന്റെ അവശിഷ്ടങ്ങള്‍.

വെങ്കലയുഗത്തിലെ ജനവാസകേന്ദ്രമായിരുന്നു ഇതെന്നാണ് നിഗമനം. നെന്‍ നദിയുടെ ഒരു ഭാഗം ഒഴുകിയിരുന്ന പ്രദേശമായിരുന്നു ഇതെന്നും ഗവേഷകര്‍ കരുതുന്നു. ആറ് വലിയ വൃത്താകൃതിയിലുളള വീടുകള്‍ ഇവിടെ ഉണ്ടായിരുന്നിരിക്കാം. മുപ്പത് മുതല്‍ അമ്പത് വരെയാളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചരിത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഒരു ഡസനോളം വസ്ത്രങ്ങളുടെ തുണ്ടുകള്‍ ലഭിച്ചതായും ഗവേഷകര്‍ പറയുന്നു. ചെടികളുടെ നൂലുപയോഗിച്ചാണ് ഇവയിലേറെയും നിര്‍മിച്ചിട്ടുളളത്. മരത്തൊലിയില്‍ നിന്നുത്പാദിപ്പിച്ച നൂലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതിലേറെയും. ബ്രിട്ടനില്‍ വെങ്കല ശിലായുഗത്തിലെ ഇതുവരെ കണ്ടെടുത്തിട്ടുളളതില്‍ വച്ചേറ്റവും വലിയ വസ്ത്രശേഖരമാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുളളത്.
മസ്റ്റ് ഫാം എന്നാണ് ഗവേഷകര്‍ ഈ പ്രദേശത്തിന് നല്‍കിയിരിക്കുന്ന പേര്.

കോടാലിയടക്കം 20 വെങ്കല, തടി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന കുടുംബം വളരെ ധനികരായിരുന്നതായും സൂചനയുണ്ട്. അറുപത് സെന്റിമീറ്റര്‍ വരെ ഉയരമുളള ജാറുകളും അഞ്ച് സെന്റിമീറ്റര്‍ ഉയരമുളള കുടിവെളള സംഭരണികളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്ത മണ്‍പാത്ര ശേഖരത്തിലുണ്ട്. വടക്കന്‍ ഫ്രഞ്ച് ശൈലിയിലാണിവ നിര്‍മിച്ചിരിക്കുന്നത്. പത്തോളം കിടക്കകളും ലഭിച്ചിട്ടുണ്ട്. പച്ചയും നീലയും നിറമുളള ഗ്ലാസ് ബെഡുകളാണിവ. രാസപരമായി ബാല്‍ക്കന്‍ കിടക്കകളോട് വളരെയേറെ സാമ്യമുളളവയാണിവ.

ഇവര്‍ വളരെ നന്നായി ഭക്ഷണം കഴിച്ചിരുന്നുവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗവേഷകര്‍ കണ്ടെത്തിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇതിന് തെളിവായി ഇവര്‍ എടുത്ത് കാട്ടുന്നു. പശു, ആട്, പന്നി തുടങ്ങിയവയുടെ എല്ലുകള്‍ ഇവിടെ നിന്ന് ലഭിച്ചു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെത്തിയ ചില പാത്രങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
നാല് വര്‍ഷം നീണ്ട ഗവേഷണത്തിന് പതിനൊന്ന് ലക്ഷം പൗണ്ട് ചെലവായി. ഹിസ്റ്റോറിക് ഇംഗ്ലണ്ടാണ് ഈ ചെലവ് വഹിച്ചത്. യുകെയിലെ ബ്രിക് ഉത്പാദകരായ ഫോര്‍ട്ടെറയുടെ കൂടി സഹകരണത്തോടെ ആയിരുന്നു പഠനം.