രണ്ടു വർഷം മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നദിയ മൊയ്തു. 2018ൽ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടിൽ വിഎസ് അനന്ത കൃഷ്ണൻ പകർത്തിയ ചിത്രമാണ് നദിയാ മൊയ്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പഴയ കാല ചിത്രങ്ങൾ നദിയ മൊയ്ദു പങ്കുവയ്ക്കുകയാണ്. താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്”സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്.പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകൻ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.

സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിർവഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ നദിയ പറയുന്നു.

1984ലാണ് ഫാസില്‍ സംവിധാനം ചെയ്‌ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം പുറത്തിറങ്ങിയത്. നദിയ മൊയ്തുവിന്റെ ആദ്യ ചിത്രമായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്.

ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ നദിയ പറഞ്ഞതിങ്ങനെ:

“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”

ആലപ്പുഴയിലും പരിസരത്തുമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ചിത്രീകരണം. അഭിനയപരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ നദിയക്ക് പ്രയാസമില്ലായിരുന്നു. ബോംബെയിലെ വീട്ടില്‍ മലയാളം പറഞ്ഞിരുന്നത് കൊണ്ട് മലയാളം പതിപ്പില്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രത്തില്‍ നദിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്‌.