ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കി മറിക്കുന്ന സുചിലീക്ക്‌സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്‍മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്‌സ് ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.

മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി സ്വര്‍ണമല്യയാണ് തനിക്കെതിരേ നടന്ന വ്യക്തിഹത്യക്കെതിരേ രംഗത്തുവന്നത്. ഇപ്പോള്‍ സുചിലീക്ക്സുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടി തന്‍റെ അനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു.

1316085842375560കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിത ആയിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു. ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി.

അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്‍ണമാല്യ പറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടി വന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.

അക്കാലത്ത് കുടുംബം നല്‍കിയ പിന്തുണയാണ് എനിക്കു കരുത്തേകിയത്. എങ്കിലും അന്നത്തെ കാലം ഓര്‍മിക്കുമ്പോള്‍ ഇപ്പോള്‍ പേടി തോന്നുന്നു. സ്‌കൂളില്‍ പഠിക്കുന്ന ഒരു സഹോദരി അന്നു എനിക്കുണ്ടായിരുന്നു. അവള്‍ അന്ന് സ്‌കൂളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നേരിട്ട പരിഹാസം എത്ര വലുതായിരിക്കും. സ്‌കൂള്‍ അസംബ്ലിയില്‍പ്പോലും അവളെ നില്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലെത്തിയത് മറക്കാനാവില്ല.

ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്‌ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി. അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്‌നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.