വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.