അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.

പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊവിഡ് അമേരിക്കയില്‍ നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി.